Vignesh Puthur: മലയാളിയില്ലാതെ എന്ത് രാജസ്ഥാന്‍ റോയല്‍സ്? വിഗ്നേഷ് പുത്തൂര്‍ ഇനി പിങ്ക് ജഴ്‌സിയില്‍
Vignesh Puthur is sold to Rajasthan Royals for INR 30 lakh: വിഗ്നേഷ് പുത്തൂര്‍ രാജസ്ഥാന്‍ റോയല്‍സില്‍. അടിസ്ഥാന തുകയായ 30 ലക്ഷം രൂപയ്ക്കാണ് റോയല്‍സ് വിഗ്നേഷിനെ സ്വന്തമാക്കിയത്

Vignesh Puthur
മലയാളിതാരം വിഗ്നേഷ് പുത്തൂര്‍ രാജസ്ഥാന്‍ റോയല്‍സില്‍. അടിസ്ഥാന തുകയായ 30 ലക്ഷം രൂപയ്ക്കാണ് റോയല്‍സ് വിഗ്നേഷിനെ സ്വന്തമാക്കിയത്. വിഗ്നേഷിന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള മറ്റ് ഫ്രാഞ്ചെസികള്‍ വിഗ്നേഷിനായി ലേലം വിളിച്ചില്ല. താരം അണ്‍സോള്‍ഡാണെന്ന് പ്രഖ്യാപിക്കാന്‍ തുടങ്ങുന്നതിനിടെ റോയല്‍സ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് അടിസ്ഥാനതുകയായ 30 ലക്ഷം രൂപയ്ക്ക് റോയല്‍സ് വിഗ്നേഷിനെ ടീമിലെത്തിച്ചു. സഞ്ജു സാംസണ്‍ ടീം വിട്ടെങ്കിലും റോയല്‍സിന്റെ ‘മലയാളി ബന്ധം’ വിഗ്നേഷിലൂടെ തുടരും.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അപ്രതീക്ഷിതമായാണ് വിഗ്നേഷിനെ മുംബൈ ടീമിലെത്തിച്ചത്. അന്നും അടിസ്ഥാനത്തുകയായ 30 ലക്ഷം രൂപയാണ് വിഗ്നേഷിന് ലഭിച്ചത്. അവസരം കിട്ടിയ ആദ്യ മത്സരത്തില്‍ തന്നെ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
Also Read: IPL 2026 Auction: അടിസ്ഥാനവിലയിൽ നിന്ന് 4633 ശതമാനം വർധന!; ലേല സമവാക്യങ്ങൾ തകർത്തെറിഞ്ഞ് യുവതാരങ്ങൾ
എന്നാല്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, പിന്നീട് നടന്ന പല മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഒടുവില്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. അഞ്ച് മത്സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകളാണ് വിഗ്നേഷ് കഴിഞ്ഞ സീസണില്‍ പിഴുതത്. താരലേലത്തിന് തൊട്ടുമുമ്പ് വിഗ്നേഷിനെ മുംബൈ ഒഴിവാക്കി. പരിക്കാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ് ഈ 24കാരന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ വിഗ്നേഷ് കേരളത്തിന്റെ സീനിയര്‍ ടീമിനായി അരങ്ങേറി. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമാണ്.