IPL Milestone: ഇതുവരെ ആ നേട്ടം കൈവരിച്ചത് 10 താരങ്ങള്‍ മാത്രം! ഇത്തവണ എലൈറ്റ് പട്ടികയില്‍ ഇടം നേടുമോ സഞ്ജു സാംസണ്‍?
IPL 5000 Runs Milestone: ഐപിഎല്ലില്‍ 5000 റണ്‍സ് നേടിയ ബാറ്റര്‍മാരുടെ എലൈറ്റ് പട്ടികയില്‍ ഇടം നേടാന്‍ സഞ്ജു സാംസണ് അവസരം. 10 താരങ്ങള്‍ മാത്രമാണ് ഇതുവരെ 5000 റണ്‍സ് പിന്നിട്ടത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ സഞ്ജു പതിനഞ്ചാമതാണ്. സഞ്ജുവിന് ഈ സീസണില്‍ 5000 റണ്‍സ് കടക്കാന്‍ സാധിക്കുമോ?
ഐപിഎല്ലില്‍ 5,000 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനൊരുങ്ങി സഞ്ജു സാംസണ്‍. നിലവില്‍ 4,717 റണ്‍സാണ് താരം നേടിയിട്ടുള്ളത്. വെറും 283 റണ്‍സ് കൂടി നേടിയാല്‍ 5000 റണ്‍സ് നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കും. ഐപിഎല്‍ 2026 സീസണില്‍ സഞ്ജു ഈ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിന് മുമ്പ് 10 താരങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
8,730 റണ്‍സ് നേടിയ വിരാട് കോലിയാണ് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 8,000 റണ്‍സ് പിന്നിട്ട ഏക താരവും കോലിയാണ്. രണ്ടാമതുള്ള രോഹിത് ശര്‍മ ഇതുവരെ നേടിയത് 7,124 റണ്‍സ്. മൂന്നാമതുള്ള മുന്‍താരം ശിഖര്‍ ധവാന്‍ 6,769 റണ്‍സ് നേടി.
6,565 റണ്‍സ് നേടിയ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ നാലാമതും, 5,528 റണ്‍സ് നേടിയ സുരേഷ് റെയ്‌ന അഞ്ചാമതുമുണ്ട്. 5,439 റണ്‍സ് നേടിയ എംഎസ് ധോണിയാണ് ആറാമത്. കെഎല്‍ രാഹുലാണ് ഏഴാം സ്ഥാനത്ത്. രാഹുല്‍ ഇതുവരെ 5,222 റണ്‍സ് നേടി.
എബി ഡി വില്ലിയേഴ്‌സ് (5,162 റണ്‍സ്), അജിങ്ക്യ രഹാനെ (ഇതുവരെ നേടിയത് 5,107 റണ്‍സ്), സൂര്യകുമാര്‍ യാദവ് (ഇതുവരെ നേടിയത് 5,044 റണ്‍സ്) എന്നിവരാണ് 5,000 പിന്നിട്ട മറ്റ് താരങ്ങള്‍. ഈ പട്ടികയില്‍ ഇടം നേടാനാണ് സഞ്ജുവിന്റെയും ശ്രമം.
നിലവില്‍ പതിനഞ്ചാമന്‍
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ നിലവില്‍ പതിനഞ്ചാമതാണ്. 174 ഇന്നിങ്‌സുകളില്‍ നിന്നാണ് സഞ്ജു 4,710 റണ്‍സ് നേടിയത്. മൂന്ന് സെഞ്ചുറിയും, 26 അര്‍ധ സെഞ്ചുറിയും നേടി.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ 11 മുതല്‍ 14 വരെ സ്ഥാനങ്ങളിലുള്ള ക്രിസ് ഗെയില്‍ (4,965 റണ്‍സ്), റോബിന്‍ ഉത്തപ്പ (4,952), ദിനേശ് കാര്‍ത്തിക്ക് (4,842), ഫാഫ് ഡു പ്ലെസിസ് (4,773) എന്നിവര്‍ 5,000 റണ്‍സ് എന്ന നേട്ടത്തിന് തൊട്ടടുത്തെത്തിയിട്ടും അത് സാധിക്കാതെ പോയവരാണ്.
തുടക്കം മോശം
എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ സഞ്ജുവിന് മോശം തുടക്കമായിരുന്നു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു. തന്റെ മുന്‍ടീമിനെതിരെ നടന്ന ഈ മത്സരത്തില്‍ ആറു റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ താരം ഏഴു റണ്‍സെടുത്ത് ഔട്ടായി. വരും മത്സരങ്ങളില്‍ സഞ്ജു ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.