KCL 2025: വീണ്ടും കാലിടറി ചാമ്പ്യന്മാർ; ജയത്തുടർച്ചയോടെ സെമിയുറപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
KBT Wins Against AKS: കെസിഎലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇതോടെ കൊച്ചി സെമിയും പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
ഏരീസ് കൊല്ലം സെയിലേഴ്സിനെതിരായ തകർപ്പൻ വിജയത്തോടെ സെമിയുറപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് കൊച്ചിയുടെ വിജയം. കൊല്ലം മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം 18ആം ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊച്ചി മറികടന്നു.
ബാറ്റിങ് തകർച്ച നേരിട്ട കൊല്ലത്തിൻ്റെ ടോപ്പ് ഓർഡർ പെട്ടെന്ന് പുറത്തായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന റൺസ് എന്ന നിലയിൽ നിന്ന് വത്സൽ ഗോവിന്ദും എംഎസ് അഖിലും ചേർന്ന നാലാം കൂട്ടുകെട്ട് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 32 റൺസെടുത്ത് എംഎസ് അഖിൽ മടങ്ങിയതോടെ ഷറഫുദ്ദീൻ വത്സലിനൊപ്പം ചേർന്നു. 49 റൺസാണ് ഈ സഖ്യം അഞ്ചാം വിക്കറ്റിൽ കണ്ടത്തിയത്. 37 റൺസ് നേടി വത്സൽ ഗോവിന്ദ് മടങ്ങിയപ്പോൾ 20 പന്തിൽ 36 റൺസുമായി ഷറഫുദ്ദീൻ ക്രീസിൽ തുടർന്നു. കൊച്ചിയ്ക്കായി ജോബിൻ ജോബിയും ജെറിൻ പിഎസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Also Read: KCL 2025: സഞ്ജുവില്ലെങ്കിലും കൊച്ചിക്ക് സീനില്ല; കാലിക്കറ്റിനെ തകര്‍ത്തുവിട്ടു
മറുപടി ബാറ്റിംഗിൽ 22 പന്തിൽ 36 റൺസെടുത്ത വിനൂപ് മനോഹരൻ കൊച്ചിയ്ക്ക് ഗംഭീര തുടക്കം നൽകി. ജിഷ്ണു എയുമൊത്തുള്ള ആദ്യ വിക്കറ്റിൽ 42 റൺസിൻ്റെ കൂട്ടുകെട്ടാണ് വിനൂപ് ഉയർത്തിയത്. വിനൂപും ജിഷ്ണുവും പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലെത്തിയ അജീഷിൻ്റെ തകർപ്പൻ ഫിഫ്റ്റി കൊച്ചിയുടെ വിജയം അനായാസമായി. മൂന്നാം വിക്കറ്റിൽ മുഹമ്മദ് ഷാനുവുമൊത്ത് 52 റൺസ് കൂട്ടിച്ചേർത്ത താരം 39 പന്തിൽ 58 റൺസ് നേടിയാണ് പുറത്തായത്. നിഖിൽ തോട്ടത്ത് (7), മുഹമ്മദ് ആഷിക് (5) എന്നിവർ നോട്ടൗട്ടാണ്.
ജയത്തോടെ 10 മത്സരങ്ങളിൽ എട്ട് കളിയും വിജയിച്ച് 16 പോയിൻ്റുമായി കൊച്ചി സെമിയും പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.