KCL 2025 : സിക്സറടിക്കാൻ സഞ്ജു സാംസണും ഉണ്ട്; ഇത്തവണ കേരള ക്രിക്കറ്റ് ലീഗ് എവിടെ കാണാം?
KCL 2025 Live Streaming Updates : ഇത്തവണ ഓഗസ്റ്റ് 21നാണ് കേരള ക്രിക്കറ്റ് ലീഗിന് തുടക്കമാകുക. ജൂലൈ അഞ്ചിനാണ് ടൂർണമെൻ്റിന് മുന്നോടിയായിട്ടുള്ള താരലേലം സംഘടിപ്പിക്കുക
കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാമത്തെ സീസണിനായിട്ടുള്ള എല്ലാ തയ്യാറെടുപ്പിനും കേരള ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂർണമെൻ്റ് സെപ്റ്റംബർ ആറാം തീയതി വരെ നീണ്ട് നിൽക്കും. ജൂലൈ അഞ്ചിനാണ് താരലേലം. ഇതിനോടകം ടൂർണമെൻ്റിനോട് അനുബന്ധിച്ചുള്ള മറ്റ് ബിസിനെസുകൾ ധാരണയാകുകയും ചെയ്തു. മത്സരങ്ങളുടെ സംപ്രേഷണം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കെസിഎ പങ്കുവെച്ചു.
ഇത്തവണ കെസിഎൽ മത്സരങ്ങൾ എവിടെ കാണാം?
ഇത്തവണയും സ്റ്റാർ സ്പോർട്സ് തന്നെയാണ് കേരള ക്രിക്കറ്റ് ലീഗിൻ്റെ മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുക. മലയാളം കമൻ്ററി ഏഷ്യനെറ്റ് പ്ലസിലും സംപ്രേഷണം ചെയ്യുന്നതാണ്. ഫാൻകോഡ് വഴിയാണ് മത്സരം ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ALSO READ : Sanju Samson: ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസണും; ലേലത്തിൽ രജിസ്റ്റർ ചെയ്തെന്ന് റിപ്പോർട്ടുകൾ
താരലേലം
ടൂർണമെൻ്റിന് മുന്നോടിയായിട്ടുള്ള താരലേലം ജൂലൈ അഞ്ചിന് സംഘടിപ്പിക്കാനാണ് കെസിഎ തീരുമാനിച്ചിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള താരലേലത്തിനായി സഞ്ജു സാംസൺ, വിഘ്നേഷ് പുത്തൂർ ഉൾപ്പെടെ 168 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായിട്ടാണ് താരങ്ങളുടെ പട്ടിക തരംതിരിച്ചിരിക്കുകയാണ്. 20 പേർക്കാണ് താരലേലത്തിലൂടെ വിവിധ ടീമുകളിലേക്ക് ഇടം നേടാൻ സാധിക്കുക. ഫിറ്റ്നെസിൻ്റെ അടിസ്ഥാനത്തിലാകും താരങ്ങളെ അന്തിമ പട്ടികയിലേക്ക് പരിഗണിക്കുകയെന്ന് കെസിഎ അറിയിച്ചു.