Mohammed Shami: ‘എസ്ഐആർ ഫോം തെറ്റായി പൂരിപ്പിച്ചു’; മുഹമ്മദ് ഷമി നേരിട്ട് ഹാജരാവണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
Mohammed Shami And SIR: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമിയെയും സഹോദരനെയും ഹിയറിങിന് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വിവരശേഖരണത്തിനായി എത്തണമെന്നാണ് കമ്മീഷൻ്റെ ആവശ്യം.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും സഹോദരനും നേരിട്ട് ഹാജരാവണമന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം തെറ്റായി പൂരിപ്പിച്ചു എന്നും വിവരശേഖരണത്തിനായി നേരിട്ട് എത്തണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യം. പശ്ചിമംഗാളിലാണ് താരം താമസിക്കുന്നത്.
ഈ മാസം അഞ്ചിന് ജാദവ്പൂരിലെ ഒരു സ്കൂളിൽ ഇരുവരെയും വിവരശേഖരണത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ, രാജ്കോട്ടിൽ ബംഗാളിനായി വിജയ് ഹസാരെ ട്രോഫി കളിക്കുന്നതിനാൽ താരത്തിന് എത്താനായില്ല. ഹാജരാവാൻ പുതിയ തീയതി നൽകണമെന്ന അഭ്യർത്ഥനയെ തുടർന്ന് ഈ മാസം 9നും 11നും ഇടയിൽ നേരിട്ടെത്താൻ അദ്ദേഹത്തോടും സഹോദരനോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എന്യൂമറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് ഷമിയെയും സഹോദരനെയും ഹിയറിങിനായി വിളിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
Also Read: Shreyas Iyer: ഇനിയാർക്കും സംശയം വേണ്ട, ശ്രേയസ് ഡബിൾ ഫിറ്റ്; തിരിച്ചുവരവിൽ കസറി
ഉത്തർപ്രദേശിലാണ് ജനിച്ചതെങ്കിലും ഷമി വർഷങ്ങളായി ബംഗാളിലാണ് താമസം. ക്രിക്കറ്റ് കരിയർ മുന്നിൽ കണ്ടാണ് താരം ബംഗാളിലെത്തിയത്. കൊൽക്കത്ത റാഷ്ബെഹാരി നിയോജക മണ്ഡലത്തിൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് മുഹമ്മദ് ഷമി.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. 24 ലക്ഷത്തിലധികം പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഈ മാസം 22 വരെ കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഇടം ലഭിക്കാത്തവർ പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധ രേഖകളും സമര്‍പ്പിച്ചാണ് അപേക്ഷ നൽകേണ്ടത്. ഫോം 6നൊപ്പം സത്യവാങ്മൂലവും സമർപ്പിക്കണം. വിലാസം മാറ്റാനും തെറ്റുതിരുത്താനുമായി ഫോം 8 സമർപ്പിക്കണം.