Mohsin Naqvi: ‘നവംബർ 10ന് ഏഷ്യാ കപ്പ് ട്രോഫി തരാം, ഒരു നിബന്ധനയുണ്ട്’; ബിസിസിഐക്ക് കത്തയച്ച് മൊഹ്സിൻ നഖ്‌വി
Mohsin Naqvis New Demand: ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ പുതിയ നിബന്ധനയുമായി മൊഹ്സിൻ നഖ്‌വി. ബിസിസിഐയുടെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ നിബന്ധന.

മൊഹ്സിൻ നഖ്‌വി
ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ നിബന്ധന വച്ച് എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വി. ട്രോഫി കൈമാറിയില്ലെങ്കിൽ ഐസിസിയ്ക്ക് പരാതിനൽകുമെന്ന് ബിസിസിഐ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നിബന്ധനയിൽ ഇളവുമായി നഖ്‌വി രംഗത്തുവന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ബിസിസിഐയും എസിസിയുമായി കത്തിടപാടുകൾ നടന്നിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും താരങ്ങളെയും ബിസിസിഐ പ്രതിനിധി രാജീവ് ശുക്ലയെയും ദുബായിലെ എസിസി ഓഫീസിലേക്ക് ക്ഷണിച്ച് അവിടെ വച്ച് നവംബർ 10ന് ട്രോഫി കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.”- നഖ്‌വി പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
Also Read: Rohit-Virat: ‘ദുർഭൂതങ്ങൾ തിരികെയെത്തി’; രോഹിതിനെയും കോഹ്ലിയെയും കുറിച്ച് പത്താൻ
നേരത്തെ, സൂര്യകുമാർ യാദവ് നേരിട്ട് വന്നാൽ ട്രോഫി കൈമാറാമെന്നാണ് നഖ്‌വി പറഞ്ഞിരുന്നത്. എന്നാൽ, ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് നഖ്‌വിയ്ക്കെതിരെ പരാതിനൽകുമെന്ന് ബിസിസിഐ ഭീഷണി മുഴക്കിയത്. പിന്നാലെ നഖ്‌വി നിലപാട് മയപ്പെടുത്തുകയായിരുന്നു. സൂര്യകുമാർ യാദവ് ഒറ്റയ്ക്കല്ല, ടീം മുഴുവൻ വന്നോളൂ എന്നാണ് പുതിയ നിലപാട്.
ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്. പിന്നാലെ എസിസി ചെയർമാനും പിസിബി പ്രസിഡൻ്റുമായ മൊഹ്സിൻ നഖ്‌വി ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാനെത്തി. എന്നാൽ, നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ല. പിന്നാലെ, ജേതാക്കൾക്കുള്ള ട്രോഫി നഖ്‌വി എസിസി ഓഫീസിലേക്ക് കൊണ്ടുപോയി. ട്രോഫി ഇല്ലാതെയാണ് ഇന്ത്യൻ ടീം കിരീടനേട്ടം ആഘോഷിച്ചത്.
പിന്നാലെ, ദുബായിലെ എസിസി ആസ്ഥാനത്ത് മൊഹ്സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫി പൂട്ടിവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. തൻ്റെ അനുവാദമില്ലാതെ ട്രോഫി എടുക്കരുതെന്ന നിർദ്ദേശവും നഖ്‌വി നൽകിയിരുന്നു.