Mustafizur Rahman: ‘തോന്നുമ്പോലെ വേദി മാറ്റാനാവില്ല, അതിനൊന്നും ഇനി സമയമില്ല’; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി ബിസിസിഐ
BCCI Reply To BCB: തോന്നുമ്പോലെ വേദി മാറ്റാനാവില്ലെന്ന് ബിസിബിയ്ക്ക് മറുപടി നൽകി ബിസിസിഐ. ബോർഡ് പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി ബിസിസിഐ. തോന്നുമ്പോലെ വേദി മാറ്റാൻ കഴിയില്ലെന്നും അതിന് സമയമില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുസ്തഫിസുർ റഹ്മാനെ കെകെആറിൽ നിന്ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് വേദി മാറ്റണമെന്ന ആവശ്യമുയർത്തിയത്.
“ചുമ്മാ തോന്നുമ്പോലെയൊന്നും മത്സരങ്ങൾ മാറ്റാൻ കഴിയില്ല. ലൊജിസ്റ്റിക്സിൻ്റെ വൻ പ്രശ്നങ്ങളുണ്ടാവും. എതിർ ടീമുകളെപ്പറ്റി ആലോചിച്ചുനോക്കൂ. അവരുടെ വിമാന ടിക്കറ്റുകളും ഹോട്ടലുകളുമൊക്കെ ബുക്ക് ചെയ്തുകഴിഞ്ഞു. മാത്രമല്ല, എല്ലാ ദിവസവും മൂന്ന് കളി വീതമുണ്ട്. അതിൽ ഒരെണ്ണം ശ്രീലങ്കയിലാണ്. ബ്രോഡ്കാസ്റ്റ് ക്രൂവിൻ്റെ കാര്യവും നോക്കണം.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. ഫെബ്രുവരി 9ന് ആരംഭിക്കുന്ന ലോകകപ്പ് മാർച്ച് അഞ്ചിന് അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിലുള്ള ബംഗ്ലാദേശിൻ്റെ നാല് മത്സരങ്ങൾക്കും ഇന്ത്യയാണ് വേദിയാവുക. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇൻഡീസിനെതിരെ ആരംഭിക്കുന്ന ബംഗ്ലാദേശിൻ്റെ ലോകകപ്പ് ക്യാമ്പയിൻ ഗ്രൂപ്പ് ഘട്ടത്തിൽ ഫെബ്രുവരി 9ന് ഇറ്റലി, ഫെബ്രുവരി 14ന് ഇംഗ്ലണ്ട്, ഫെബ്രുവരി 17ന് നേപ്പാൾ എന്നിങ്ങനെയാണ് പുരോഗമിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിലും അവസാന മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുമാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം. ഇതിനായി ഐസിസിയെ സമീപിക്കുമെന്ന് ബോർഡ് നേരത്തെ അറിയിച്ചിരുന്നു.
9.2 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലെടുത്ത മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.