ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
Kane Williamson announces retirement: ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അപ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്.

Kane Williamson Announces Retirement
ലണ്ടൻ: കളിക്കളത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്ന ഇതിഹാസ ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ (Kane Williamson) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സ്വന്തം ടീമിലെ താരങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടയിൽ തികച്ചും അപ്രതീക്ഷിതമായാണ് വില്യംസണിന്റെ വിരമിക്കൽ തീരുമാനം വന്നിരിക്കുന്നത്. 35 വയസുള്ള വില്യംസൺ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആറാമത്തെ പുരുഷ ക്രിക്കറ്റ് താരവും, നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ ജേതാവും, 2019 ലെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവുമാണ്. അദ്ദേഹത്തിന്റെ വിരമിക്കലോടെ കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടും മാതൃകാപരമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന ഒരു ‘ക്ലാസ്സ്’ പ്ലെയറിനെയാണ് ലോകക്രിക്കറ്റിന് നഷ്ടമാകുന്നത്.
16 വർഷം നീണ്ടുനിന്ന കരിയറിൽ ന്യൂസിലൻഡിനായി എല്ലാ ഫോർമാറ്റുകളിലുമായി 378 മത്സരങ്ങൾ കളിച്ച കെയ്ൻ വില്യംസൺ 19,346 റൺസും 48 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ടീമിന്റെ റൺ മെഷീനെന്നോ, ബാറ്റിങ് നിരയുടെ നട്ടെല്ലെന്നോ വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് അദ്ദേഹം. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വില്യംസൺ ആണ്.
Also Read: വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാണ് തൻറെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസൺ വ്യക്തമാക്കി. 17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് വില്യംസൺന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്. ഇതോടെ പരമ്പരയിൽ ഇനി അവശേഷിക്കുന്ന ടെസ്റ്റുകളിൽ അദ്ദേഹം കളിക്കില്ല. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ 1-0 ന് പിന്നിലാണ് ന്യൂസിലൻഡ്.
“കുറച്ചുനാളായി ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോൾ ശരിയായ സമയമാണെന്ന് വ്യക്തമായി,” എന്ന് വില്യംസൺ പ്രസ്താവനയിൽ പറയുന്നു. “അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള ശക്തമായ ആഗ്രഹവും ദാഹവും എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, ന്യൂസിലൻഡിനായി കളിച്ച എല്ലാ മത്സരങ്ങളിലും എന്റെ എല്ലാം നൽകിയിട്ടുണ്ടെന്ന് അറിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കുറച്ചുകൂടി തുടരുന്നത് ശരിയാകില്ല, എന്റെ സ്വന്തം നിബന്ധനകളിൽ വിരമിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്”.
“ഈ ടീം എങ്ങോട്ടാണ് പോകുന്നതെന്ന് ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ പോകുന്നത്. ധാരാളം പ്രതിഭകളുണ്ട്, ഈ ന്യൂസിലൻഡ് ടീമിനൊപ്പം എന്തെങ്കിലും പ്രത്യേകമായി ചെയ്യാനുള്ള യഥാർത്ഥ ആഗ്രഹവുമുണ്ട്. ഞാൻ സ്നേഹിക്കുന്ന ഒരു ടീമാണിത്, ഇത്രയും കാലം ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അവിശ്വസനീയമാംവിധം ഭാഗ്യവാനായി കരുതുന്നു. അത് എന്റെ ഹൃദയത്തിന് പ്രിയപ്പെട്ടതായി തുടരും” എന്ന് അദ്ദേഹം പറയുന്നു.
മാന്യനായ കളിക്കാരൻ
2019 ലോകകപ്പ് ഫൈനലിലെ നിർഭാഗ്യകരമായ തോൽവിക്ക് ശേഷവും മുഖത്ത് പുഞ്ചിരി മായാതെ എതിരാളികളെ അഭിനന്ദിച്ച വില്യംസണിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യയെ തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യത്തെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന് നേടിക്കൊടുത്തു എന്നതാണ് വില്യംസണിന്റെ ഏറ്റവും മികച്ച നേട്ടം. 2019 ലെ ഏകദിന ലോകകപ്പിലും, 2021 ലെ ടി20 ലോകകപ്പിലും ന്യൂസിലൻഡിനെ ഫൈനലിൽ എത്തിക്കാനായതും വില്യംസണിന്റെ കരിയറിലെ വലിയ നേട്ടങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.
വിരമിക്കലോടെ, അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് ഈ ക്ലാസ് പ്ലെയർ ഉണ്ടാകില്ല എന്ന് ഉറപ്പായി. തന്റെ കരിയറിൽ 110 ടെസ്റ്റുകളിൽ നിന്ന് 9,515 റൺസാണ് വില്യംസൺ നേടിയിട്ടുള്ളത്. അതിൽ 38 അർദ്ധ സെഞ്ച്വറികളും 33 സെഞ്ച്വറികളും ഉൾപ്പെടുന്നു, 54.06 ആണ് ശരാശരി. അതേപോലെ 175 ഏകദിന മത്സരങ്ങളിൽ നിന്ന് 7,256 റൺസും നേടിയിട്ടുണ്ട്. അതിൽ 47 അർദ്ധ സെഞ്ച്വറികളും 15 സെഞ്ച്വറികളും ഉൾപ്പെടുന്നു, 48.69 ആണ് ശരാശരി.
English Summary
New Zealand cricket legend Kane Williamson has announced his retirement. Williamson’s decision to retire came as a complete surprise during the England Test tour. The 35-year-old Williamson is the sixth-most capped male cricketer for New Zealand, a four-time Sir Richard Hadlee Medallist and the 2019 ICC Men’s Test Player of the Year. He will be leading New Zealand to their first World Test Championship title in 2021.