R Ashwin: ആർ അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം; ക്രിക്കറ്റിൻ്റെ ഏറ്റവും കുഞ്ഞൻ രൂപത്തിൽ കളിക്കും
R Ashwin To Play Hong Kong Sixes: ആർ അശ്വിൻ ഹോങ്കോങ് സിക്സസിൽ കളിക്കാനൊരുങ്ങുന്നു. നവംബറിലാണ് ടൂർണമെൻ്റ് നടക്കുക.
ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ആദ്യമായി ഒരു വിദേശ ലീഗിൽ കളിക്കാനൊരുങ്ങുന്നു. ക്രിക്കറ്റിൻ്റെ ഏറ്റവും കുഞ്ഞൻ രൂപമായ ഹോങോങ് സിക്സസിൽ ഇന്ത്യൻ ടീമിന് വേണ്ടിയാണ് അശ്വിൻ പന്തെടുക്കുക. കഴിഞ്ഞ സീസണിൽ റോബിൻ ഉത്തപ്പയുടെ കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.
ഇക്കൊല്ലം നവംബർ ഏഴ് മുതൽ 9 വരെയാണ് ഹോങ്കോങ് സിക്സസ് ടൂർണമെൻ്റ്. 12 ടീമുകളാണ് ടൂർണമെൻ്റിൽ മത്സരിക്കുക. ആറ് ഓവർ വീതമാവും ഒരു ഇന്നിംഗ്സ്. ഒരു ടീമിന് ആറ് വിക്കറ്റ്. അഞ്ച് വിക്കറ്റ് വീണാൽ ആറാമത്തെ താരത്തിന് ഒറ്റയ്ക്ക് കളിക്കാം. അഞ്ചാം വിക്കറ്റായി പുറത്തായ താരം റണ്ണർ ആയി കളിക്കും. ആറ് വിക്കറ്റ് വീണാൽ ഇന്നിംഗ്സ് അവസാനിക്കും. 50 റൺസ് തികയ്ക്കുന്ന താരം റിട്ടയേർഡ് ഔട്ടാവും. ബൗളിംഗിൽ ഒരു താരത്തിന് രണ്ട് ഓവറും ബാക്കിയുള്ളവർക്ക് ഓരോ ഓവർ വീതവും എറിയാം.
കഴിഞ്ഞ സീസണിൽ ഇന്ത്യ അടക്കം 12 ടീമുകളാണ് കളിച്ചത്. റോബിൻ ഉത്തപ്പ ക്യാപ്റ്റനായപ്പോൾ മനോജ് തിവാരി, സ്റ്റുവർട്ട് ബിന്നി, ശ്രീവത്സ് ഗോസ്വാമി, കേദാർ ജാദവ്, ഭരത് ചിപ്ലി, ഷഹബാസ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. പാകിസ്താനും യുഎഇയും ഉൾപ്പെട്ടെ പൂൾ സിയിൽ അവസാന സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. നോക്കൗട്ട് റൗണ്ടിലെത്താൻ ഇന്ത്യക്ക് സാധിച്ചില്ല. പാകിസ്താനെ കീഴടക്കി ശ്രീലങ്കയാണ് ഇക്കൊല്ലം ചാമ്പ്യന്മാരായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് താരം ഐപിഎൽ കരിയർ അവസാനിപ്പിച്ചത്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം വിദേശലീഗുകളിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു. 39 വയസുകാരനായ താരം ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ്. ഐപിഎലിൽ വിവിധ ടീമുകൾക്കായും കളിച്ചു.