Ranji Trophy 2025-26: 100 കടക്കില്ലെന്ന് കരുതിയ മഹാരാഷ്ട്ര 200 കടന്ന് മുന്നോട്ട്; വാലറ്റത്തിന്റെ ധീരമായ ചെറുത്തുനില്‍പ്
Kerala vs Maharashtra Ranji Trophy Match: അഞ്ചിന് 18 എന്ന നിലയില്‍ നിന്നാണ് മഹാരാഷ്ട്ര കരകയറിയത്. ടോപ് ഓര്‍ഡറിലെ നാല് ബാറ്റര്‍മാരും പൂജ്യത്തിന് പുറത്തായിരുന്നു. പൃഥി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ എന്നിവരാണ് പൂജ്യത്തിന് ഔട്ടായത്
തിരുവനന്തപുരം: ടോപ് ഓര്‍ഡര്‍മാരുടെ പിഴവിന് മധ്യനിരയും, വാലറ്റവും പ്രായശ്ചിത്തം ചെയ്തപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്ര ഭേദപ്പെട്ട നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 79 ഓവറില്‍ എട്ട് വിക്കറ്റിന് 223 എന്ന നിലയിലാണ് മഹാരാഷ്ട്ര. 97 പന്തില്‍ 33 റണ്‍സുമായി വിക്കി ഓസ്വാലും, റണ്ണൊന്നുമെടുക്കാനെ രജ്‌നീഷ് ഗുര്‍ബാനിയുമാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ മഹാരാഷ്ട്ര 100 കടക്കുമോയെന്ന് പോലും സംശയിച്ചിരുന്നു. എന്നാല്‍ മധ്യനിരയും, വാലറ്റവും നടത്തിയ പോരാട്ടത്തില്‍ മഹാരാഷ്ട്രയ്ക്ക് 200 കടക്കാനായി.
അഞ്ചിന് 18 എന്ന നിലയില്‍ നിന്നാണ് മഹാരാഷ്ട്ര കരകയറിയത്. ടോപ് ഓര്‍ഡറിലെ നാല് ബാറ്റര്‍മാരും പൂജ്യത്തിന് പുറത്തായിരുന്നു. പൃഥി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ എന്നിവരാണ് പൂജ്യത്തിന് ഔട്ടായത്. ആറാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന റുതുരാജ് ഗെയ്ക്വാദ്-ജലജ് സക്‌സേന സഖ്യം മഹാരാഷ്ട്രയെ കൈപിടിച്ചുയര്‍ത്തി.
ഇരുവരും 122 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വച്ച് ജലജ് സക്‌സേനയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി എംഡി നിധീഷാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. അധികം വൈകാതെ റുതുരാജും പുറത്തായി. 151 പന്തില്‍ 91 റണ്‍സെടുത്ത റുതുരാജിനെ ഈഡന്‍ ആപ്പിള്‍ ടോം എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തുകയായിരുന്നു.
എട്ടാം വിക്കറ്റില്‍ വിക്കി-ഘോഷ് സഖ്യം 59 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. 76 പന്തില്‍ 31 റണ്‍സെടുത്ത ഘോഷിനെ കേരളത്തിന്റെ പുതുമുഖ താരം അങ്കിത് ശര്‍മയാണ് പുറത്താക്കിയത്. കേരളത്തിനായി എംഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി. എന്‍പി ബേസില്‍ രണ്ടും, ഈഡന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് മഴ മൂലം അല്‍പനേരം കളി തടസപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം.