Ranji Trophy 2025: ദാക്ഷിണ്യമില്ലാതെ ജലജ് സക്സേന; ഒന്നാം ഇന്നിംഗ്സ് ലീഡ് നഷ്ടപ്പെടുത്തി കേരളം
Kerala vs Maharashtra Ranji Trophy: മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഫസ്റ്റ് ഇന്നിംഗ്സ് ലീഡ് വഴങ്ങി. 219 റൺസെടുക്കുന്നതിനിടെ കേരളം ഓൾഔട്ടാവുകയായിരുന്നു.

കേരള, മഹാരാഷ്ട്ര
മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫിയിൽ കേരളം പതറുന്നു. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 239ലേക്ക് പാഡ് കെട്ടിയിറങ്ങിയ കേരളം 219 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ഇതോടെ കേരളം 20 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുകയും ചെയ്തു. മഹാരാഷ്ട്ര സ്പിന്നർമാരാണ് കേരളത്തെ തകർത്തത്. അർദ്ധസെഞ്ചുറി നേടിയ സഞ്ജു സാംസണാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സൽമാൻ നിസാർ 49 റൺസെടുത്ത് പുറത്തായി.
നാല് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിൽ പതറിയ കേരളത്തെ സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 57 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജുവിനെ വീഴ്ത്തി വിക്കി ഓസ്‌വാൾ ഈ കൂട്ടുകെട്ട് പൊളിച്ചു. 54 റൺസായിരുന്നു സഞ്ജുവിൻ്റെ സമ്പാദ്യം. മുഹമ്മദ് അസ്ഹറുദ്ദീനും (36) ഓസ്‌വാളിന് മുന്നിൽ വീണതോടെ കേരളം വീണ്ടും പതറി.
ഏഴാം വിക്കറ്റിൽ സൽമാൻ നിസാറും അങ്കിത് ശർമ്മയും ചേർന്നാണ് പിന്നീട് കേരളത്തെ കരകയറ്റിയത്. 17 റൺസ് നേടിയ അങ്കിതിനെ മടക്കി സക്സേന തൻ്റെ മൂന്നാം വിക്കറ്റ് കണ്ടെത്തിയതിന് പിന്നാലെ ഈദൻ ആപ്പിൾ ടോം (3), നിധീഷ് എംഡി (4) എന്നിവർ പെട്ടെന്ന് പുറത്തായി. 41 റൺസുമായി സൽമാൻ നിസാർ ക്രീസിലുണ്ടെങ്കിലും മറുവശത്ത് സൽമാന് പിന്തുണ നൽകാൻ ആർക്കും സാധിക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. സ്ട്രൈക്ക് സൂക്ഷിച്ച് കളിക്കാൻ ശ്രമിച്ച സൽമാൻ 49 റൺസെടുത്ത് പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിംഗ്സ് അവസാനിച്ചു.
മഹാരാഷ്ട്രയ്ക്കായി 3 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും 2 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളുമാണ് തിളങ്ങിയത്. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച സക്സേന 49 റൺസുമായി ബാറ്റിംഗിലും തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡെടുക്കുന്ന ടീമിന് ലഭിക്കുന്ന മൂന്ന് പോയിൻ്റാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.