AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: തിരിച്ചടിച്ച് കേരള ബൗളര്‍മാര്‍, മധ്യപ്രദേശിന് കൂട്ടത്തകര്‍ച്ച

Ranji Trophy Kerala vs Madhya Pradesh: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 155 എന്ന നിലയിലാണ് മധ്യപ്രദേശ്. 41 റണ്‍സുമായി സാരന്‍ഷ് ജെയിനും, 33 റണ്‍സുമായി ആര്യന്‍ പാണ്ഡെയുമാണ് ക്രീസില്‍

Ranji Trophy: തിരിച്ചടിച്ച് കേരള ബൗളര്‍മാര്‍, മധ്യപ്രദേശിന് കൂട്ടത്തകര്‍ച്ച
ബാബ അപരാജിത്ത്, അഭിജിത്ത് പ്രവീൺImage Credit source: KCA X
jayadevan-am
Jayadevan AM | Published: 17 Nov 2025 17:40 PM

ഇന്‍ഡോര്‍: ബൗളര്‍മാര്‍ അരങ്ങുവാഴുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ മധ്യപ്രദേശിനെതിരെ തിരിച്ചടിച്ച് കേരളം. ആദ്യ ഇന്നിങ്‌സില്‍ 281 റണ്‍സിന് പുറത്താക്കിയ മധ്യപ്രദേശിനെതിരെ അതേ നാണയത്തില്‍ കേരള ബൗളര്‍മാര്‍ മറുപടി നല്‍കിയപ്പോള്‍ ആതിഥേയര്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 155 എന്ന നിലയിലാണ് മധ്യപ്രദേശ്. 41 റണ്‍സുമായി സാരന്‍ഷ് ജെയിനും, 33 റണ്‍സുമായി ആര്യന്‍ പാണ്ഡെയുമാണ് ക്രീസില്‍.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ എംഡി നിധീഷ്, ഈഡന്‍ ആപ്പിള്‍ ടോം, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ അബിജിത്ത് പ്രവീണ്‍, ബാബ അപരാജിത് എന്നിവരാണ് മധ്യപ്രദേശ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹാര്‍ഷ് ഗാവലി-21, യാഷ് ദുബെ-0, ഹിമാന്‍ഷു മന്ത്രി-21, ശുഭം ശര്‍മ-10, ഹര്‍പ്രീത് സിങ് ഭാട്ടിയ-0, ഋഷഭ് ചൗഹാന്‍-21 എന്നിങ്ങനെയാണ് മധ്യപ്രദേശ് ബാറ്റര്‍മാരുടെ സമ്പാദ്യം.

Also Read: Shubman Gill: ആശുപത്രി വിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍, രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കുമോ?

ഏഴാം വിക്കറ്റില്‍ സാരന്‍ഷും, ആര്യനും പടുത്തുയര്‍ത്തിയ 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് കേരളത്തിന് തലവേദനയാണ്. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാരന്‍ഷ് ഓള്‍ റൗണ്ട് മികവാണ് പുറത്തെടുത്തത്. സാരന്‍ഷിന് പുറമെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷദ് ഖാനും ബൗളിങില്‍ തിളങ്ങി.

സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായ ബാബ അപരാജിതും (98), അബിജിത്ത് പ്രവീണും-60 റണ്‍സ്, അഭിഷേക് ജെ നായരും-47 റണ്‍സ് എന്നിവര്‍ പുറത്തെടുത്ത പോരാട്ടവീര്യമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ കുന്നുമ്മല്‍-0, അങ്കിത് ശര്‍മ-20, സച്ചിന്‍ ബേബി-0, മുഹമ്മദ് അസ്ഹറുദ്ദീന്‍-14, അഹമ്മദ് ഇമ്രാന്‍-5, ശ്രീഹരി എസ് നായര്‍-7, എംഡി നിധീഷ്-7 എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഒമ്പത് റണ്‍സുമായി ഈഡന്‍ ആപ്പിള്‍ ടോം പുറത്താകാതെ നിന്നു.