IPL 2026: 202 റണ്‍സ് വിജയലക്ഷ്യമൊക്കെ ചീളുകേസ്; ആര്‍സിബിക്ക് ഇതൊക്കെ നിസാരം
IPL 2026 RCB beat SRH in inaugural match: ഐപിഎല്‍ 2026 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്ക് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, രജത് പടീദാര്‍ എന്നിവരുടെ ബാറ്റിങ് മികവാണ് നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിയുടെ ജയം അനായാസമാക്കിയത്.
ബെംഗളൂരു: ഐപിഎല്‍ 2026 സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 26 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. 6 വിക്കറ്റിനായിരുന്നു ജയം. സ്‌കോര്‍: സണ്‍റൈസേഴ്‌സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 201, ആര്‍സിബി-15.4 ഓവറില്‍ നാലു വിക്കറ്റിന് 203. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
ചേസിങിന് ഇറങ്ങിയ ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിനെ രണ്ടാം ഓവറില്‍ നഷ്ടമായി. ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടിയ സാള്‍ട്ട് ജയ്‌ദേവ് ഉനദ്കതിന്റെ പന്തില്‍ ഹെയിന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ടി20 ലോകകപ്പില്‍ ഫോം ഔട്ടായിരുന്ന സാള്‍ട്ട്, ഐപിഎല്ലിലും മങ്ങിയ പ്രകടനം തുടരുന്നത് ആര്‍സിബിക്ക് തിരിച്ചടിയാണ്.
ഇമ്പാക്ട് പ്ലയറായ ദേവ്ദത്ത് പടിക്കലാണ് വണ്‍ ഡൗണായി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ദേവ്ദത്ത് തുടങ്ങിയത്. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള ദേവ്ദത്ത്, ഇത്തവണ ശൈലി പാടെ തിരുത്തിയാണ് ബാറ്റിങിന് എത്തിയത്.
തകര്‍പ്പനടികളുമായി കളം നിറഞ്ഞ ദേവ്ദത്ത് വിരാട് കോലിക്കൊപ്പം ആര്‍സിബിയുടെ സ്‌കോറിങിന് കുതിപ്പ് പകര്‍ന്നു. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഹാര്‍ഷ് ദുബെയ്ക്കായിരുന്നു വിക്കറ്റ്.
ദേവ്ദത്തിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പട്ടീദാറും ഒട്ടും മോശമാക്കിയില്ല. 12 പന്തില്‍ 31 റണ്‍സെടുത്താണ് രജത് മടങ്ങിയത്. 12.2 ഓവറില്‍ രജത് മടങ്ങുമ്പോള്‍ ആര്‍സിബി മൂന്ന് വിക്കറ്റിന് 163 എന്ന നിലയിലായിരുന്നു. ഡേവിഡ് പെയ്‌നായിരുന്നു വിക്കറ്റ്.
എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ നിരാശപ്പെടുത്തി. ഗോള്‍ഡന്‍ ഡക്കായ ജിതേഷ് ഡേവിഡ് പെയ്‌ന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനൊപ്പം ചേര്‍ന്ന് കോലി ആര്‍സിബിയെ വിജയത്തിലെത്തിച്ചു. ടിം ഡേവിഡ് 10 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.
38 പന്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെയും, 18 പന്തില്‍ 43 റണ്‍സെടുത്ത അനികേത് വര്‍മയുടെയും മികവിലാണ് ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 201 റണ്‍സെടുത്തത്. ആര്‍സിബിക്കായി ജേക്കബ് ഡഫിയും, റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.