IPL 2026 Qualifier 1: തുടര്‍ച്ചയായ രണ്ടാം തവണയും ആര്‍സിബി ഫൈനലില്‍; ഗുജറാത്തിനെ തുരത്തിയോടിച്ചു
Royal Challengers Bengaluru vs Gujarat Titans: ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി ആര്‍സിബി ഫൈനലില്‍ പ്രവേശിച്ചു. 255 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ഒന്ന് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഗുജറാത്ത് നേരിടും.
ധര്‍മ്മശാല: ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സിന് തകര്‍ത്ത് തരിപ്പണമാക്കി ആര്‍സിബി ഫൈനലില്‍ പ്രവേശിച്ചു. 255 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ഒന്ന് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി. 19.3 ഓവറില്‍ 162 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി. നിലവിലെ ജേതാക്കളായ ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ ഫൈനലാണിത്. ഇമ്പാക്ട് പ്ലയറായെത്തിയ രാഹുല്‍ തെവാട്ടിയ മാത്രമാണ് ഗുജറാത്തിനായി പോരാടിയത്. തെവാട്ടിയ 43 പന്തില്‍ 68 റണ്‍സെടുത്തു. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. തെവാട്ടിയയും, വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറും, ഓപ്പണര്‍ സായ് സുദര്‍ശനും മാത്രമാണ് രണ്ടക്കം കടന്നത്. ബട്ട്‌ലര്‍ 11 പന്തില്‍ 29 റണ്‍സെടുത്തു.
ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത സായ് ജേക്കബ് ഡുഫിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റാവുകയായിരുന്നു. ഡുഫിയെ അനായാസം ബൗണ്ടറി കടത്തിയെങ്കിലും, സായിയുടെ കൈയ്യില്‍ നിന്ന് ബാറ്റ് വഴുതി വീണ് സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. നിര്‍ഭാഗ്യകരമായിരുന്നു താരത്തിന്റെ പുറത്താകല്‍.
ഹിറ്റ് വിക്കറ്റ്
HOW UNFORTUNATE! 🤯
Probably the only way to end Sai Sudharsan’s streak of five 50-plus scores 🫣
Updates ▶️ https://t.co/9rs6u5obOw#TATAIPL | #Qualifier1 | #TheFinalLeap | #RCBvGT | @RCBTweets pic.twitter.com/DbpVS0JUKw
— IndianPremierLeague (@IPL) May 26, 2026
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍-ഏഴു പന്തില്‍ രണ്ട്, നിഷാന്ത് സിന്ധു-മൂന്ന് പന്തില്‍ അഞ്ച്, വാഷിങ്ടണ്‍ സുന്ദര്‍-എട്ടു പന്തില്‍ എട്ട്, ജേസണ്‍ ഹോള്‍ഡര്‍-മൂന്ന് പന്തില്‍ പൂജ്യം, റാഷിദ് ഖാന്‍-ഒമ്പത് പന്തില്‍ എട്ട്, കാഗിസോ റബാദ-അഞ്ച് പന്തില്‍ ഒമ്പത്, മുഹമ്മദ് സിറാജ്-13 പന്തില്‍ അഞ്ച്, പ്രസിദ് കൃഷ്ണ-ഏഴു പന്തില്‍ ആറു നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡുഫി മൂന്നു വിക്കറ്റും, ഭുവനേശ്വര്‍ കുമാറും, ക്രുണാല്‍ പാണ്ഡ്യയും, റാസിക് സലാമും രണ്ട് വിക്കറ്റ് വീതവും, ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.
‘പാട്ടീദാര്‍’ ഷോ
ഐപിഎല്‍ 2026-ലെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍. പുറത്താകാതെ 33 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ തീര്‍ത്ത വെടിക്കെട്ടിന്റെ കരുത്തില്‍ 254 റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്. ഒമ്പത് സിക്‌സറുകളും, അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ആര്‍സിബി ക്യാപ്റ്റന്റെ മാസ്മരിക പ്രകടനം. സ്‌ട്രൈക്ക് റേറ്റ് 281.82. ക്രീസിലെത്തിയ മിക്ക ബാറ്റര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതും ആര്‍സിബിക്ക് തുണയായി.
പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും ഫിള്‍ സാള്‍ട്ടിനെ നിര്‍ണായക മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. വെങ്കടേഷ് അയ്യരാണ് സാള്‍ട്ടിന് പകരം വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്തത്. കോലിയെ സാക്ഷിയാക്കി വെങ്കടേഷ് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. കാഗിസോ റബാദ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ പുറത്തായെങ്കിലും ആര്‍സിബിക്ക് മികച്ച തുടക്കം നല്‍കാന്‍ വെങ്കടേഷിന് സാധിച്ചു. ഏഴു പന്തില്‍ 19 റണ്‍സാണ് താരം നേടിയത്.
ആര്‍സിബി ക്യാപ്റ്റന്റെ പ്രകടനം
Breathtaking Batting 🤯
🎥 Rajat Patidar leaving the best in the business awestruck 😳❤️
Updates ▶️ https://t.co/9rs6u5obOw#TATAIPL | #Qualifier1 | #TheFinalLeap | #RCBvGT | @RCBTweets pic.twitter.com/5BFUDFTHH1
— IndianPremierLeague (@IPL) May 26, 2026
രണ്ടാം വിക്കറ്റിലെ കോലി-ദേവ്ദത്ത് പടിക്കല്‍ കൂട്ടുക്കെട്ടും ആര്‍സിബിക്ക് കരുത്ത് പകര്‍ന്നു. തുടക്കം കരുതലോടെയായിരുന്നെങ്കിലും, പിന്നീട് കോലിയും തകര്‍ത്തടിച്ച് തുടങ്ങി. ആര്‍സിബിയുടെ സ്‌കോര്‍ 93-ല്‍ എത്തിയപ്പോഴാണ് കോലി പുറത്തായത്. 25 പന്തില്‍ 43 റണ്‍സെടുത്ത കോലിയെ ജേസണ്‍ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
തൊട്ടുപിന്നാലെ 19 പന്തില്‍ 39 റണ്‍സെടുത്ത പടിക്കലിനെയും ഹോള്‍ഡര്‍ മടക്കി അയച്ചു. നാലാം വിക്കറ്റില്‍ പട്ടീദാറും, ക്രുണാല്‍ പാണ്ഡ്യയും 95 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. 28 പന്തില്‍ 43 റണ്‍സെടുത്ത ക്രുണാലിനെ റബാദ പുറത്താക്കി. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത ടിം ഡേവിഡ് മാത്രമാണ് ആര്‍സിബി നിരയില്‍ നിരാശപ്പെടുത്തിയത്. അഞ്ച് പന്തില്‍ 15 റണ്‍സുമായി ജിതേഷ് ശര്‍മ പട്ടീദാറിനൊപ്പം പുറത്താകാതെ നിന്നു.
ഗുജറാത്തിന് വീണ്ടും അവസരം
ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും ഗുജറാത്തിന്റെ അവസരം അവസാനിച്ചിട്ടില്ല. നാളെ നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ 29-ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് നേരിടും. ഈ മത്സരത്തിലെ വിജയികള്‍ 31-ന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയുമായി ഏറ്റുമുട്ടും.
English Summary
RCB defeated Gujarat Titans by 92 runs in the first qualifier to enter the IPL 2026 final. Captain Rajat Patidar smashed an unbeaten 93 off 33 balls, powering RCB to a massive total of 254 runs. Chasing 255, Gujarat Titans collapsed under pressure and were bowled out for 162 runs in 19.3 overs. Rahul Tewatia scored 68 runs for Gujarat, while RCB’s Jacob Duffy took three crucial wickets.