Sanju Samson: ഞെട്ടിച്ച തീരുമാനങ്ങള്‍, അപ്രതീക്ഷിത തിരിച്ചുവരവ്; സഞ്ജു കസറിയ 2025
Sanju Samson 2025 Year Ender: സഞ്ജു സാംസണെ സംബന്ധിച്ച് 2025 സംഭവബഹുലമായിരുന്നു. പാളിയ തുടക്കവും, കസറിയ ഒടുക്കവുമായിരുന്നു സഞ്ജുവിന് ഈ വര്‍ഷം

Sanju Samson
സഞ്ജു സാംസണെ സംബന്ധിച്ച് 2025 സംഭവബഹുലമായിരുന്നു. പാളിയ തുടക്കവും, കസറിയ ഒടുക്കവുമായിരുന്നു സഞ്ജുവിന് 2025. ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയായിരുന്നു ഈ വര്‍ഷത്തെ സഞ്ജുവിന്റെ ആദ്യ അസൈന്‍മെന്റ്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി കളിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാനായില്ല. അഞ്ചാം മത്സരത്തിനിടെ പരിക്കുമേറ്റു. തുടര്‍ന്ന് ഐപിഎല്ലിലൂടെയായിരുന്നു ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. എന്നാല്‍ ഐപിഎല്ലിനിടെ വീണ്ടും താരത്തിന് പരിക്കേറ്റു. പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായില്ല. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ക്യാപ്റ്റനായി.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം ശോകമായിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും, സഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരെ അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ ദ്രാവിഡ് നിഷേധിച്ചു. സഞ്ജു റോയല്‍സ് വിടുമെന്നും സൂചനകള്‍ പുറത്തുവന്നു. അത് യാഥാര്‍ത്ഥ്യവുമായി. റോയല്‍സുമായുണ്ടായിരുന്ന 13 വര്‍ഷത്തെ ബന്ധം അറുത്തുമുറിച്ച് സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി. അടുത്ത സീസണ്‍ മുതല്‍ ചെന്നൈ താരമാണ് സഞ്ജു.
ഏകദിനത്തില്‍ തഴഞ്ഞു
ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലും, ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാമ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതാണ് അതിന് കാരണമെന്നായിരുന്നു അഭ്യൂഹം. ഇതേച്ചൊല്ലിയും വിവാദങ്ങള്‍ ഉടലെടുത്തു. സഞ്ജുവിന്റെ പിതാവ് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി.
Also Read: T20 World Cup 2026: ഒരു കളി പോലും കളിക്കാത്ത ആദ്യ ലോകകപ്പ്; എന്നാൽ, ഇത്തവണ സഞ്ജു ടീമിൽ ഉറപ്പ്
സഞ്ജുവിനെ പിന്തുണയ്ക്കുകയും, അസോസിയേഷനെ വിമര്‍ശിക്കുകയും ചെയ്ത മുന്‍ താരം എസ് ശ്രീശാന്തിന് സസ്‌പെന്‍ഷനും ലഭിച്ചു. വര്‍ഷാവസാനം ആയപ്പോഴേക്കും വിവാദങ്ങള്‍ കെട്ടടങ്ങി. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവുമുണ്ട്.
മധ്യനിരയിലേക്ക്
ഏഷ്യാ കപ്പില്‍ സഞ്ജുവായിരുന്നു എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായതോടെ സഞ്ജുവിന് മധ്യനിരയിലേക്ക് മാറേണ്ടി വന്നു. എന്നിട്ടും താരം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. പിന്നീട് നടന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അവസാന മൂന്ന് മത്സരങ്ങളിലും ജിതേഷ് ശര്‍മ പ്ലേയിങ് ഇലവനിലെത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ജിതേഷാണ് കളിച്ചത്. ഇതോടെ സഞ്ജു ടീമില്‍ നിന്നു പുറത്തേക്ക് പോകുമോയെന്നായി ആരാധകരുടെ ആശങ്ക. എന്നാല്‍ അഞ്ചാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചു. 22 പന്തില്‍ 37 റണ്‍സാണ് ഈ മത്സരത്തില്‍ താരം പുറത്തെടുത്തത്. രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലും ഈ മത്സരത്തില്‍ സഞ്ജു പിന്നിട്ടു.
ടി20 ലോകകപ്പ്
ഫോം ഔട്ടായ ഗില്ലിന് പകരം അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായി. ആരാധകര്‍ ആ വാര്‍ത്ത ആഘോഷിച്ചു. സെപ്തംബറില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. നാഷണല്‍ ടീമിനൊപ്പം ചേരേണ്ടതിനാല്‍ എല്ലാ മത്സരങ്ങളിലും കളിക്കാനായില്ല. സഞ്ജുവിന്റെ ടീമായിരുന്നു ടൂര്‍ണമെന്റിലെ ജേതാക്കള്‍.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റന്‍. സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും കേരള ടീമിന് മുന്നേറ്റം നടത്താനായില്ല. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കും, പിന്നാലെ വരുന്ന ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ സഞ്ജു.
ഒപ്പം വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി ദേശീയ ഏകദിന ടീമിലേക്ക് തിരിച്ചുവരവ് നടത്താനും താരം ലക്ഷ്യമിടുന്നു. എന്തായാലും 2025ന്റെ തുടക്കം പാളിയെങ്കിലും, കഥാന്ത്യം കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞെന്ന് പറയാം.