AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണറാകും, ഗില്‍ പുറത്തായേക്കും; അഞ്ചാം ടി20 നിര്‍ണായകം

Sanju Samson likely to open in 5th T20 against Australia: സഞ്ജു സാംസണ്‍ അഞ്ചാം ടി20യില്‍ ഓപ്പണറാകാന്‍ സാധ്യത. ഗാബയില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് ഇന്ത്യ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇത്‌ സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നു

Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണറാകും, ഗില്‍ പുറത്തായേക്കും; അഞ്ചാം ടി20 നിര്‍ണായകം
സഞ്ജു സാംസൺ
jayadevan-am
Jayadevan AM | Published: 07 Nov 2025 16:00 PM

സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരെ നാളെ നടക്കുന്ന അഞ്ചാം ടി20യില്‍ ഓപ്പണറാകാന്‍ സാധ്യത. ഗാബയില്‍ നാളെ നടക്കുന്ന മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്ത്യ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. നിലവില്‍ പരമ്പരയിലെ 2-1ന് മുന്നിലാണ് ഇന്ത്യ. അഞ്ചാം ടി20യില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. തോറ്റാല്‍ പരമ്പര സമനിലയിലാകും. പരമ്പര എന്തായാലും കൈവിടില്ലെന്ന് ഉറപ്പായതിനാല്‍ അഞ്ചാം ടി20യില്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ മെയ് മുതല്‍ ഗില്‍ എല്ലാ പരമ്പരയിലും തുടര്‍ച്ചയായി കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. നവംബര്‍ 14നാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഗില്ലിന് ആവശ്യത്തിന് വിശ്രമം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ നാളെ ഗില്ലിന് വിശ്രമം അനുവദിക്കാനാണ് സാധ്യതയേറെയും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും, തുടര്‍ന്ന് നടക്കുന്ന ഏകദിന പരമ്പരയിലും ഗില്ലാണ് ക്യാപ്റ്റന്‍. നായകനായതിനാല്‍ ഈ മത്സരങ്ങളിലെല്ലാം ഗില്ലിന് കളിക്കേണ്ടതുണ്ട്. ജോലിഭാരം കുറയ്ക്കാന്‍ ഗില്ലിന് ഗാബ ടി20യില്‍ വിശ്രമം അനുവദിക്കേണ്ടത് അനിവാര്യവുമാണ്.

ഗില്‍ കളിച്ചില്ലെങ്കില്‍ സ്വഭാവികമായും സഞ്ജു സാംസണ്‍ ഓപ്പണറാകും. ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മികച്ച രീതിയില്‍ കളിച്ചിരുന്ന സഞ്ജുവിനെ ഗില്ലിന് വേണ്ടി മിഡില്‍ ഓര്‍ഡറിലേക്ക് തരംതാഴ്ത്തി. ബാറ്റിങ് പൊസിഷനില്‍ താരത്തെ പല തവണ അമ്മാനമാടി. സഞ്ജുവിന് പകരം ടി20യില്‍ ഓപ്പണറായ ഗില്‍ നിരാശനകമായ പ്രകടനമാണ് പുറത്തെടുത്തത്. ടി20യില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്നതാണ് ഗില്ലിന്റെ ന്യൂനത.

Also Read: India vs Australia: ഓസീസ് ടീമിൽ നാല് മാറ്റങ്ങൾ; ഇന്ത്യൻ ടീമിൽ സഞ്ജു പുറത്ത് തന്നെ

സഞ്ജുവിന് നിര്‍ണായകം

അഞ്ചാം ടി20യില്‍ അവസരം ലഭിച്ചാല്‍ അത് സഞ്ജുവിന് നിര്‍ണായകമാകും. ഓസീസ് പര്യടനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. ആദ്യ ടി20 മഴ മൂലം പാതിവഴിയില്‍ ഉപേക്ഷിച്ചതിനാല്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം ടി20യില്‍ വണ്‍ ഡൗണായി കളിച്ച താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എന്നാല്‍ ഈയൊരു മോശം പ്രകടനത്തിന്റെ പേരില്‍ താരത്തെ മൂന്നും, നാലും ടി20കളില്‍ തഴഞ്ഞു.

നാളെ അവസരം ലഭിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ സഞ്ജുവിന് പതിനഞ്ചംഗ സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്താനാകും. എന്നാല്‍ എത്ര മികച്ച പ്രകടനം പുറത്തെടുത്താലും ഗില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ഓപ്പണിങ് പൊസിഷന്‍ വിട്ടുകൊടുക്കേണ്ടി വരും.