Sanju Samson: സഞ്ജു ടീം വിടാനാഗ്രഹിച്ചപ്പോൾ പുറത്തായത് രാഹുൽ ദ്രാവിഡ്; റോയൽസ് ക്യാമ്പിലെ നാറ്റക്കേസ്
Why Rahul Dravid Resigned: രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം രാജിവച്ചതോടെ ടീം ക്യാമ്പിലെ സ്ഥിതി അത്ര നല്ല നിലയിലല്ല എന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹം രാജിവെക്കാൻ ചില കാരണങ്ങളുണ്ട്.
സഞ്ജു സാംസൺ ടീം വിടാനാഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകൾ ഒന്നടങ്ങിയപ്പോൾ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ആരും പ്രതീക്ഷിക്കാത്തൊരു വാർത്ത വന്നു. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനം രാജിവച്ചിരിക്കുന്നു. ഫ്രാഞ്ചൈസിയിൽ തന്നെ മറ്റൊരു സ്ഥാനം നൽകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദ്രാവിഡിന് അത് സ്വീകാര്യമായില്ല. ഇതോടെ ദ്രാവിഡ് പുറത്ത്.
രാജിയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ലെങ്കിലും സഞ്ജുവിൻ്റെ ട്രേഡ് ഡീലുമായി ബന്ധപ്പെട്ടുണ്ടായ പൊട്ടിത്തെറിയാവാമെന്നാണ് അഭ്യൂഹങ്ങൾ. ഏറെക്കാലമായി ടീം ക്യാപ്റ്റനായിരുന്ന ഒരു താരം രാജിവെക്കുമ്പോൾ ആരെങ്കിലും ഉത്തരവാദിയാവേണ്ടതുണ്ട്. ദ്രാവിഡ് മാത്രമല്ല പ്രശ്നമെങ്കിലും പരിശീലകനെന്ന നിലയിൽ അദ്ദേഹം തന്നെയാണ് മറുപടി പറയേണ്ടത്. കഴിഞ്ഞ ഐപിഎലിനിടെ സഞ്ജുവിനെ മാനേജ്മെൻ്റ് കൈകാര്യം രീതിയ്ക്കും മുൻപ് 2024 സീസണ് മുന്നോടിയായി ജോസ് ബട്ട്ലറെ റിലീസ് ചെയ്തത് മുതൽ പ്രശ്നങ്ങളാരംഭിച്ചു.
Also Read: Rahul Dravid: എന്തൊക്കെയോ ചീഞ്ഞുനാറുന്നു? രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം രാജിവച്ച് രാഹുൽ ദ്രാവിഡ്
മുൻ പരിശീലകനായ കുമാർ സംഗക്കാര വീണ്ടും സ്ഥാനത്തെത്തുമെന്നാണ് സൂചനകൾ. രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയ സംഗ ഇപ്പോൾ റോയൽസ് ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആണ്. ഈ സ്ഥാനത്തുനിന്ന് താരം വീണ്ടും പരിശീലകനായേക്കുമെന്നാണ് വിവരം. എന്നാൽ, ഇതിൽ സ്ഥിരീകരണമില്ല.
ടീം ക്യാപ്റ്റനുമായി ബന്ധപ്പെട്ട ചർച്ചകളും ദ്രാവിഡിൻ്റെ രാജിയിലുണ്ടെന്ന് സൂചനകളുണ്ട്. ഫ്രാഞ്ചൈസിക്കുള്ളിൽ തന്നെ മൂന്ന് തരത്തിലാണ് ക്യാപ്റ്റൻസി ചിന്തകൾ. ഒരു സംഘം റിയാൻ പരഗിനെയും മറ്റൊരു സംഘം യശസ്വി ജയ്സ്വാളിനെയും ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുമ്പോൾ സഞ്ജു തന്നെ തുടരട്ടെ എന്ന നിലപാടുള്ള മറ്റൊരു സംഘവുമുണ്ട്. ഇത് ദ്രാവിഡിൻ്റെ രാജിയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ.
ദ്രാവിഡ് പോയതിനാൽ സഞ്ജു ടീം വിടുമോ എന്ന ചോദ്യമാണ് അടുത്തത്. സഞ്ജുവിൻ്റെ പ്രശ്നം ദ്രാവിഡായിരുന്നില്ല. ടീം മാനേജ്മെൻ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ തീരുമാനത്തിൽ മാറ്റം വരുത്താൻ താരം തയ്യാറായേക്കില്ല. അവസാന വാക്ക് തീർച്ചയായും ഫ്രാഞ്ചൈസിയുടേതാണ്. താത്പര്യമില്ലാത്ത ഒരു താരത്തെ ടീമിൽ നിർത്തണോ ഒഴിവാക്കണോ എന്നത് ഫ്രാഞ്ചൈസി തന്നെ തീരുമാനിക്കേണ്ടതാണ്.