Sanju Samson: ടീം പ്രഖ്യാപനം വൈകുന്നത് ഗില്ലിന് വേണ്ടിയോ? ആ പ്രതീക്ഷ സഞ്ജുവിന് ഉപേക്ഷിക്കേണ്ടി വരും
What will be Sanju Samson's position in the IND vs SA T20 series: സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ശുഭ്മാന്‍ ഗില്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ സഞ്ജുവിനെ ഓപ്പണറാക്കാന്‍ സാധ്യതകളുണ്ടായിരുന്നു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ സഞ്ജുവിനെ ഓപ്പണറാക്കാന്‍ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ഗില്ലിനെ ടി20യില്‍ പരിഗണിച്ചേക്കുമെന്നാണ് പുതിയ സൂചന. ഇതാണ് ഓപ്പണര്‍ റോളില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് മാര്‍ഗതടസം സൃഷ്ടിക്കുന്നത്. ഇന്ന് (ഡിസംബര്‍ 1) മുതൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഗില്‍ ആരംഭിക്കുമെന്നാണ് വിവരം.
ഈയാഴ്ച തന്നെ ഗില്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാകും പരിശീലനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഗില്ലിന് കഴുത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചില്ല. ഏകദിന പരമ്പരയിലും വിട്ടുനിന്നു.
പരിക്കിനെ തുടര്‍ന്ന് ഗില്‍ ഫിസിയോ തെറാപ്പിക്ക് വിധേയനായതായും റിപ്പോര്‍ട്ടുണ്ട്. ഗില്ലിന് നിലവില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഗില്ലിന് ടി20 പരമ്പരയിലും വിശ്രമം അനുവദിക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. അടുത്ത വര്‍ഷം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലൂടെയാകും ഗില്‍ തിരിച്ചെത്തുകയെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗില്‍ വിചാരിച്ചതിലും വേഗം ഫിറ്റ്‌നസ് വീണ്ടെടുത്തതിനാല്‍ താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യതയേറെയാണ്.
ഗില്ലിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വ്യക്തത ലഭിക്കാനാണോ ഇതുവരെ ടി20 സ്‌ക്വാഡ് പ്രഖ്യാപിക്കാത്തതെന്നും ആരാധകര്‍ക്ക് സംശയമുണ്ട്. ഈയാഴ്ച തന്നെ ടീം പ്രഖ്യാപനമുണ്ടാകും. ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ഗില്ലിന് ടി20യിലും വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിനെ ചിലപ്പോള്‍ ഓപ്പണര്‍ റോളില്‍ കളിപ്പിച്ചേക്കാം. എന്തായാലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമറിയാം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീമിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് പുറത്തെുക്കുന്നത്. ഒഡീഷയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പുറത്താകാതെ 51 റണ്‍സെടുത്തു. റെയില്‍വേസിനെതിരായ മത്സരത്തില്‍ 19 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഛത്തീസ്ഗഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 15 പന്തില്‍ 43 റണ്‍സെടുത്തു. നാളെ വിദര്‍ഭയ്‌ക്കെതിരെയാണ് അടുത്ത മത്സരം.