Sanju Samson: കൗണ്ട്ഡൗണ്‍ തുടങ്ങി; സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കാന്‍ സഞ്ജു സാംസണ്‍; ഇന്ന് നിര്‍ണായകം
SMAT 2025 Kerala vs Vidarbha Match is crucial for Sanju Samson: സഞ്ജു സാംസണ്‍ ഇന്ന് വിദര്‍ഭയ്‌ക്കെതിരെ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇന്നത്തെ മത്സരം നിര്‍ണായകമാണ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് നടക്കുന്ന കേരളം-വിദര്‍ഭ മത്സരം സഞ്ജു സാംസണ് ഏറെ നിര്‍ണായകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും. പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകുമെന്നാണ് വിവരം. ടീം പ്രഖ്യാപനത്തിന് മുമ്പ് സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കാന്‍ സഞ്ജുവിന് കിട്ടുന്ന അവസരമാണിത്. അതുകൊണ്ട് തന്നെ സഞ്ജുവിന് വിദര്‍ഭയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ബംഗ്ലാദേശിനും, ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നേടിയ സെഞ്ചുറികളോടെ സഞ്ജു ടി20യിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചെന്ന് കരുതിയെങ്കിലും, കാര്യങ്ങള്‍ പിന്നീട് അവിചാരിതമായ ട്വിസ്റ്റുകളിലൂടെയാണ് കടന്നുപോയത്.
ശുഭ്മാന്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യ പടിയായി താരത്തെ ഓപ്പണറാക്കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതോടെ ഓപ്പണിങ് പൊസിഷനില്‍ നിന്നു സഞ്ജുവിന് മധ്യനിരയിലേക്ക് പോകേണ്ടി വന്നു. ഏഷ്യാ കപ്പ് മുതലായിരുന്നു ഈ മാറ്റം.
ഓപ്പണറായി ഗില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോഴും ടീം മാനേജ്‌മെന്റിന് അതൊരു പ്രശ്‌നമേയല്ല. എത്ര മോശമായി കളിച്ചാലും നിലവിലെ സാഹചര്യത്തില്‍ ഗില്ലിന് വീണ്ടും വീണ്ടും അവസരം നല്‍കുകയാണ് മാനേജ്‌മെന്റിന്റെ നയം. മധ്യനിരയിലേക്ക് തരം താഴ്ത്തിയെങ്കിലും ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.
Also Read: Sanju Samson: ടീം പ്രഖ്യാപനം വൈകുന്നത് ഗില്ലിന് വേണ്ടിയോ? ആ പ്രതീക്ഷ സഞ്ജുവിന് ഉപേക്ഷിക്കേണ്ടി വരും
മധ്യനിരയിലെങ്കിലും സഞ്ജു സ്ഥിര സാന്നിധ്യമാകുമെന്ന് കരുതിയെങ്കിലും, അവിടെയും അപ്രതീക്ഷിത വഴിത്തിരിവുകളാണ് സംഭവിച്ചത്. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടേ രണ്ട് മത്സരങ്ങളിലാണ് സഞ്ജുവിന് അവസരം നല്‍കിയത്. ഇതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബാറ്റിങിന് അവസരം ലഭിച്ചത്. ഈ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതിന്റെ പേരില്‍ പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ നിന്നു സഞ്ജുവിനെ മാറ്റി നിര്‍ത്തി. പകരം ജിതേഷ് ശര്‍മ പ്ലേയിങ് ഇലവനിലെത്തി.
നിലവില്‍ ടി20 ടീമിലെ സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഋഷഭ് പന്തിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് പുറത്തേക്ക് പോകേണ്ടി വരും.
പ്രോട്ടീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഗില്ലിനെ ടി20 പരമ്പരയില്‍ കളിപ്പിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. താരം ഈയാഴ്ച ബാറ്റിങ് പരിശീലനം പുനഃരാരംഭിക്കും. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും ഗില്ലിനെ പരിഗണിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ടി20 സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നതില്‍ ഇതൊരു കാരണമാണെന്നാണ് സൂചന.
ഗില്ലിനെ പരിഗണിച്ചില്ലെങ്കില്‍ സഞ്ജു ഓപ്പണറായി തിരിച്ചെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ യശ്വസി ജയ്‌സ്വാളും പരിഗണനയിലുണ്ടെന്നത് സഞ്ജുവിന് വെല്ലുവിളിയാണ്. എന്തായാലും, നിലവിലെ സാഹചര്യത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയല്ലാതെ സഞ്ജുവിന് മുന്നില്‍ മറ്റ് വഴികളില്ല.
ഇതുവരെ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ പുറത്താകാതെ 51 റണ്‍സ് നേടി. റെയില്‍വേസിനെതിരെ നിരാശപ്പെടുത്തി. നേടിയത് 19 റണ്‍സ് മാത്രം. എന്നാല്‍ ഛത്തീസ്ഗഡിനെതിരായ മൂന്നാം മത്സരത്തില്‍ 15 പന്തില്‍ 43 റണ്‍സ് അടിച്ചുകൂട്ടി.
എന്നാല്‍ എത്ര മികച്ച പ്രകടനം പുറത്തെടുത്താലും അവഗണ നേരിടുന്നതാണ് സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ന് വിദര്‍ഭയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തെ അവഗണിക്കുക അത്ര എളുപ്പമാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം. ലഖ്‌നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.