Sanju Samson: സഞ്ജുവിനെ മാറ്റിനിർത്താൻ പലപ്പോഴായി പറഞ്ഞ നുണകളും ന്യായങ്ങളും; ഇതാ അഗാർക്കറിൻ്റെ നിലപാടുകൾ
Ajit Agarkar On Sanju Samson: സഞ്ജു സാംസണെ ടീമിൽ നിന്ന് മാറ്റിനിർത്താൻ അഗാർക്കർ പലപ്പോഴായി പറഞ്ഞ ന്യായങ്ങളും നുണകളും നിരവധിയാണ്. ഇതാ അത്തരം ചില നിലപാടുകൾ.

സഞ്ജു സാംസൺ
സഞ്ജു സാംസണെ ടീമിൽ നിന്ന് മാറ്റിനിർത്താൻ പലപ്പോഴായി പല ന്യായങ്ങളാണ് സെലക്ഷൻ കമ്മറ്റി ചെയർമാനായ അജിത് അഗാർക്കർ നിരത്തിയിട്ടുള്ളത്. മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ പുതിയ നിലപാടുകളും സഞ്ജുവിൻ്റെ കാര്യത്തിൽ മാത്രം സ്വീകരിക്കുന്ന ന്യായീകരണങ്ങളും അഗാർക്കറിന് പതിവുള്ളതാണ്. അഗാർക്കറിൻ്റെ ചില നിലപാടുകൾ ചുവടെ.
ഓസ്ട്രേലിയൻ പര്യടനത്തെപ്പറ്റി
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ബാക്കപ്പ് കീപ്പറായിപ്പോലും സഞ്ജുവിനെ പരിഗണിക്കാതിരുന്നതിൻ്റെ കാരണമായി അഗാർക്കർ പറഞ്ഞത് ബാറ്റിംഗ് പൊസിഷനാണ്. സെഞ്ചുറിയടിച്ചത് മൂന്നാം നമ്പറിലാണ്. സഞ്ജു ടോപ്പ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നതെന്നും ധ്രുവ് ജുറേൽ ലോവർ ഓർഡർ താരമാണെന്നും അഗാർക്കർ പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ ടി20യിലാണ് പരിഗണിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ കുറച്ച് വ്യത്യസ്തമാണ്, കാര്യങ്ങൾ.
സത്യാവസ്ഥ
ഏകദിനത്തിൽ അഞ്ച്, ആറ് പൊസിഷനുകളിലായി സഞ്ജു കളിച്ചത് 10 മത്സരങ്ങളാണ്. അഞ്ചാം നമ്പരിൽ 39ഉം ആറാം നമ്പരിൽ 90ഉം ശരാശരിയുണ്ട്. ഓരോ ഫിഫ്റ്റിയും ഈ പൊസിഷനുകളിലുണ്ട്. മൂന്ന്, നാല് പൊസിഷനിൽ നാല് കളി, ഒരു സെഞ്ചുറി.
ഏഷ്യാ കപ്പിനെപ്പറ്റി
ഗിൽ ഇല്ലാതിരുന്നപ്പോഴാണ് സഞ്ജു ഓപ്പണറായതെന്ന് അഗാർക്കർ പറഞ്ഞു. ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ താരത്തെ ഓപ്പണിംഗ് സ്ഥാനത്ത് സ്ഥിരമാക്കി. എന്നിട്ട് അഗാർക്കർ പറഞ്ഞത്, ആര് ഓപ്പൺ ചെയ്യുമെന്ന് മാനേജ്മെൻ്റ് തീരുമാനിക്കുമെന്ന്. ടീം പ്രഖ്യാപിച്ചപ്പോൾ ജിതേഷിനെ പ്രധാന കീപ്പറാക്കി സഞ്ജു ബാക്കപ്പ് കീപ്പറായിരുന്നു. അതിനെ മറികടക്കാണ് ടീം മാനേജ്മെൻ്റ് സഞ്ജുവിനെ ടീമിൽ പരിഗണിച്ചത്. ഏഷ്യാ കപ്പിൽ മൂന്ന്, അഞ്ച്, എട്ട് നമ്പരുകളിൽ കളിച്ച സഞ്ജു ടീമിനായി ഏറ്റവുമധികം റൺസ് നേടിയവരിൽ മൂന്നാമതുണ്ട്, ഒരു മാച്ച് വിന്നിങ് ഫിഫ്റ്റി അടക്കം.
സത്യാവസ്ഥ
17 കളി, മൂന്ന് സെഞ്ചുറി, ഒരു ഫിഫ്റ്റി. 179 സ്ട്രൈക്ക് റേറ്റ്. സഞ്ജുവിൻ്റെ ഓപ്പണിംഗ് കണക്കുകൾ ഇങ്ങനെയാണ്. മറ്റ് പല പൊസിഷനിലും കളിച്ചെങ്കിലും ഓപ്പണിംഗിനെക്കാൾ മികച്ച സ്റ്റാറ്റ്സ് സഞ്ജുവിന് എവിടെയുമില്ല.
ഇതേ അഗാർക്കർ ഋഷഭ് പന്തിനായി ഘോരഘോരം വാദിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിൽ പല പൊസിഷനുകളിൽ കളിച്ചിട്ടും റൺസ് നേടിയതിനാൽ സഞ്ജുവിനെ ടി20യിൽ നിന്ന് ഒഴിവാക്കാനാവില്ല. അതുകൊണ്ട് താരം ഓസ്ട്രേലിയക്കെതിരായ ടി20 ടീമിലുണ്ട്. അവിടെയും ബാക്കപ്പ് കീപ്പറാണ്. ജിതേഷ് തന്നെ പ്രധാന കീപ്പർ. ഏകദിന ടീമിൽ ബാക്കപ്പ് കീപ്പറായിപ്പോലുമില്ല. ടീമിൽ ഉൾപ്പെടുത്തിയാൽ മാനേജ്മെൻ്റ് സഞ്ജുവിനെ ഫൈനൽ ഇലവനിൽ പരിഗണിച്ചേക്കാം. നന്നായി കളിച്ചാൽ വീണ്ടും ടീമിലെടുക്കേണ്ടിവരും. പരിക്ക് മാറി ഋഷഭ് പന്ത് തിരികെവരുമ്പോൾ അത് തലവേദനയാവും.