Sanju Samson: സഞ്ജുവിനായുള്ള വടം വലിയിൽ നിന്ന് പിന്മാറി ടീമുകൾ; കാരണം രാജസ്ഥാൻ്റെ പിടിവാശി
Sanju Samson Trade New Update: സഞ്ജു സാംസണിനായുള്ള ട്രേഡിംഗ് ശ്രമങ്ങളിൽ നിന്ന് മറ്റ് ടീമുകൾ പിന്മാറിയതായി അഭ്യൂഹങ്ങൾ. രാജസ്ഥാൻ റോയൽസിൻ്റെ പിടിവാശിയാണ് കാരണമെന്നും സൂചനകളുണ്ട്.

സഞ്ജു സാംസൺ
മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരുമെന്ന് അഭ്യൂഹങ്ങൾ. സഞ്ജുവിനായുള്ള ട്രേഡിങ് ശ്രമത്തിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകൾ പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമുള്ള രാജസ്ഥാൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ടീമുകൾ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനായുള്ള ശ്രമങ്ങൾ ചെന്നൈ അവസാനിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ട്രേഡിംഗിലൂടെ ഒരു ടീമിനും സഞ്ജുവിനെ സ്വന്തമാക്കാൻ കഴിയില്ലെന്നതാണ് നിലവിലെ സൂചനകൾ. ട്രേഡിംഗിനായി സമീപിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് സുനിൽ നരേനെയും വരുൺ ചക്രവർത്തിയെയും ചെന്നൈ സൂപ്പർ കിംഗ്സ് ചോദിച്ചു എന്ന് ചില എക്സ് അക്കൗണ്ടുകൾ പോസ്റ്റ് ചെയ്യുന്നു. മതീഷ പതിരന, വനിന്ദു ഹസരങ്ക എന്നീ രണ്ട് സ്പിന്നർമാരെ വരുന്ന സീസണ് മുന്നോടിയായി രാജസ്ഥാൻ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. ഇവർക്ക് പകരം ശക്തരായ രണ്ട് സ്പിൻ ഓപ്ഷനുകളാവും നരേനും ചക്രവർത്തിയും. എന്നാൽ, ഈ ഡീലിനോട് കൊൽക്കത്ത നോ പറഞ്ഞു.
Also Read: Sanju Samson: സഞ്ജു സാംസൺ ഓസീസ് പര്യടനത്തിൽ കളിക്കുമോ? വില്ലനായി വിരലിനേറ്റ പരിക്ക്
നേരത്തെ ചൈന്നൈയോട് രാജസ്ഥാൻ ചോദിച്ചത് ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ ഡീലിനോട് ചെന്നൈയ്ക്ക് താത്പര്യമില്ല. എട്ടരക്കോടി രൂപയും ഒരു സീനിയർ താരവുമെന്ന കൗണ്ടർ ഓഫർ മുന്നോട്ടുവച്ച ചെന്നൈയോട് രാജസ്ഥാനും മുഖം തിരിച്ചു. ഇതിനിടെ ഡൽഹി ക്യാപിറ്റൽസിൻ്റെ പേരും സഞ്ജുവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടെങ്കിലും ഡീലിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ട്രേഡിംഗിൽ സഞ്ജുവിനെ ലഭിക്കില്ലെന്ന് ഉറപ്പായതോടെ താരലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാമെന്ന് ടീമുകൾ കരുതുന്നുണ്ട്. എന്നാൽ, സഞ്ജുവിന് ലേലത്തിൽ ഉയർന്ന വില ലഭിക്കുമെന്നും അത്ര പണം ചിലവഴിക്കേണ്ടതില്ലെന്നുമാണ് ചെന്നൈയുടെ നിലപാട്. ഇതോടൊപ്പം സഞ്ജുവിനെ ലേലത്തിൽ റിലീസ് ചെയ്യാതെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ ശ്രമിക്കുന്നുമുണ്ട്.