Shreyas Iyer: ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച് ശ്രേയസ് അയ്യർ; ന്യൂസീലൻഡ് ഏകദിനത്തിൽ കളിച്ചേക്കുമെന്ന് സൂചന
Shreyas Iyer Batting Training: ബാറ്റിങ് പരിശീലനം പുനരാരംഭിച്ച് ശ്രേയാസ് അയ്യർ. താരം 45 മിനിട്ടോളം ബാറ്റിങ് പരിശീലനം നടത്തിയെന്നാണ് റിപ്പോർട്ട്.

ശ്രേയാസ് അയ്യർ
സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു എന്ന് റിപ്പോർട്ട്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ നെറ്റ്സിലാണ് താരം ബാറ്റിംഗ് പരിശീലനം നടത്തിയത്. താരം 45 മിനിട്ടോളം ബാറ്റിംഗ് പരിശീലനം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പ്ലീഹയിൽ ജുറിവുപറ്റി ആന്തരികരക്തസ്രാവമുണ്ടായ താരത്തെ അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിഡ്നിയിലെ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ദിവസങ്ങൾക്ക് ശേഷമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയത്.
ശ്രേയാസ് അയ്യർ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് സൂചന. താരം മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സെൻ്റർ ഓഫ് എക്സലൻസിൽ താരം എത്ര ദിവസം ഉണ്ടാവുമെന്ന് വ്യക്തമല്ല. സെൻ്റർ ഓഫ് എക്സലൻസിലെ മെഡിക്കൽ ടീമിന് ശ്രേയാസിൻ്റെ ആരോഗ്യനില കൃത്യമായി മനസ്സിലാക്കാൻ നാല് മുതൽ ആറ് ദിവസം വരെ വേണ്ടിവന്നേക്കും. ഇതിന് ശേഷമാവും താരത്തിൻ്റെ തിരിച്ചുവരവിനും മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനും എത്ര സമയം വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.
അടുത്ത വർഷം ജനുവരിയിൽ ന്യൂസീലൻഡിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ താരം കളിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇതിൽ അനിശ്ചിതത്വമുണ്ട്. ജനുവരി 11നാണ് ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക. ഈ പരമ്പരയിൽ കളിച്ചില്ലെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി താരം ചില മത്സരങ്ങളിൽ കളിക്കാനിറങ്ങുമെന്ന് സൂചനയുണ്ട്. ജനുവരി എട്ടിനാണ് വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈയുടെ അവസാന മത്സരം. മുംബൈ പ്ലേ ഓഫിലെത്തിയാൽ ശ്രേയാസ് അയ്യർ ടീമിൽ ഉൾപ്പെട്ടേക്കും. 18 നാണ് വിജയ് ഹസാരെ ഫൈനൽ. ഇതേ ദിവസമാണ് ഇന്ത്യ – ന്യൂസീലൻഡ് അവസാന ഏകദിനം.