Shubman Gill: രണ്ടാം ടെസ്റ്റിന് ഗില്‍ ഇല്ല, സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനിലേക്ക്
Shubman Gill Ruled Out Of India vs South Africa 2nd Test: രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഋഷഭ് പന്തായിരിക്കും ക്യാപ്റ്റന്‍. സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിനിടെ ഗില്ലിന് കഴുത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഋഷഭ് പന്തായിരിക്കും ക്യാപ്റ്റന്‍. ഗില്ലിന് പകരം സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഗില്ലിന് കഴുത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. പരിക്കിനെ തുടര്‍ന്ന് താരം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്തിരുന്നില്ല.
ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. കളിക്കുന്നില്ലെങ്കില്‍ ഗില്‍ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് പുറപ്പെടും. ബിസിസിഐ മെഡിക്കല്‍ സംഘം താരത്തിന്റെ പുരോഗതി വിലയിരുത്തും. നവംബര്‍ 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യയുടെ ശ്രമം.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിന് പുറത്തായി. 189 റണ്‍സ് നേടിയ ഇന്ത്യ 30 റണ്‍സിന്റെ ലീഡും സ്വന്തമാക്കി.
Also Read: Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ ഓപ്പണറാകില്ല? ആകാശ് ചോപ്ര താരത്തിന് നല്‍കിയത്
രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 153 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ 93 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
രണ്ട് ഇന്നിങ്‌സുകളിലും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സൈമണ്‍ ഹാര്‍മറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ആകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ സൈമണ്‍ ഹാര്‍മറായിരുന്നു കളിയിലെ താരം. ടെംബ ബവുമ ഒഴികെയുള്ള ഒരു ബാറ്റര്‍ക്ക് പോലും മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല.