India vs South Africa: സ്പിന്‍ കെണി ഒരുക്കി ജഡേജ, രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറുന്നു
India vs South Africa 1st test: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പ്രോട്ടീസ് ഏഴ് വിക്കറ്റിന് 93 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിലും കൂട്ടത്തകര്‍ച്ച നേരിട്ടു
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പതറുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പ്രോട്ടീസ് ഏഴ് വിക്കറ്റിന് 93 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിലും കൂട്ടത്തകര്‍ച്ച നേരിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിങ്‌സില്‍ ചിറകരിഞ്ഞതെങ്കില്‍, രവീന്ദ്ര ജഡേജ ഒരുക്കിയ സ്പിന്‍ കെണിയാണ് രണ്ടാം ഇന്നിങ്‌സില്‍ കുരുക്കായത്. നാല് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
78 പന്തില്‍ 29 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയും, നാല് പന്തില്‍ ഒരു റണ്‍സുമായി കോര്‍ബിന്‍ ബോഷുമാണ് ക്രീസില്‍. ഏഴാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 23 പന്തില്‍ 11 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ട്ടണെ പുറത്താക്കി കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
ഒമ്പതാം ഓവറില്‍ എയ്ഡന്‍ മര്‍ക്രം കൂടി പുറത്തായതോടെ പ്രോട്ടീസിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. 23 പന്തില്‍ നാല് റണ്‍സെടുത്ത മര്‍ക്രമിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഇതിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും ജഡേജയാണ് വീഴ്ത്തിയത്. വിയാന്‍ മുള്‍ഡര്‍-30 പന്തില്‍ 11, ടോണി ഡി സോര്‍സി-രണ്ട് പന്തില്‍ രണ്ട്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് -18 പന്തില്‍ അഞ്ച് എന്നിവരെ കൂടി ജഡേജ വീഴ്ത്തിയതോടെ പ്രോട്ടീസ് പതറി.
16 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കൈല്‍ വെറിനെ അക്‌സര്‍ പട്ടേലും, 16 പന്തില്‍ 13 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനെ കുല്‍ദീപ് യാദവും പുറത്താക്കി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 63 റണ്‍സിന്റെ ലീഡുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കും. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.