Sanju Samson: സഞ്ജു അന്നേ തീരുമാനിച്ചുറപ്പിച്ചു, ആ ‘ബിഗ് ബൈ’യില്‍ എല്ലാമുണ്ടായിരുന്നു
Why did Sanju Samson leave Rajasthan Royals: സഞ്ജു സാംസണ്‍ എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് അല്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് എന്നാല്‍ സഞ്ജു സാംസണ്‍...കഴിഞ്ഞ 11 വര്‍ഷങ്ങളായി ആരാധകര്‍ കാണാതെ പഠിച്ചതാണ് ഈ സമവാക്യം
സഞ്ജു സാംസണ്‍ എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് അല്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് എന്നാല്‍ സഞ്ജു സാംസണ്‍…കഴിഞ്ഞ 11 വര്‍ഷമായി ആരാധകര്‍ പറഞ്ഞുപഠിച്ച ഈ സമവാക്യം ഇനി പൊളിച്ചഴുതേണ്ടി വരും. റോയല്‍സിന് വിലക്ക് നേരിട്ട രണ്ടേ രണ്ടു വര്‍ഷമാണ് സഞ്ജു പിങ്ക് കുപ്പായത്തില്‍ നിന്ന് മാറിനിന്നത്. പല താരങ്ങളും വരികയും പോവുകയും ചെയ്തപ്പോഴെല്ലാം സഞ്ജു റോയല്‍സില്‍ അനിഷേധ്യനായി നിലകൊണ്ടു. സഞ്ജുവിനും റോയല്‍സിനും ഇടയില്‍ എല്ലാം ശുഭകരമായിരുന്നു; കഴിഞ്ഞ വര്‍ഷം വരെ ! പിന്നീട് ആ ബന്ധത്തില്‍ വിള്ളല്‍ വീണു. അതിന്റെ കാരണം ഇപ്പോഴും വ്യക്തമാണ്. താരമോ, ഫ്രാഞ്ചെസിയോ അതുസംബന്ധിച്ച് വിശദീകരിക്കുന്നതുവരെ അത് അവ്യക്തമായി തുടരുകയും ചെയ്യും. അതുവരെ എല്ലാം ഊഹാപോഹങ്ങളായി മാത്രം നിലനില്‍ക്കും.
എന്തായാലും സഞ്ജുവിനും റോയല്‍സിനും ഇടയില്‍ കാര്യമായ എന്തോ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു. സഞ്ജു സാംസണ്‍ റോയല്‍സ് വിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ ഹോട് ടോപിക്. ഒടുവില്‍ ഒന്നും കെട്ടുകഥകളായിരുന്നില്ലെന്ന് തെളിഞ്ഞു. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് അനിവാര്യമായ പടിയിറക്കം പോലെ സഞ്ജു റോയല്‍സിനോട് വിട പറഞ്ഞു. അല്ലെങ്കിലും മാറ്റമില്ലാത്തത്, മാറ്റത്തിന് മാത്രമാണല്ലോ?
ആ ബിഗ് ബൈയില്‍ എല്ലാമുണ്ടായിരുന്നു
2025 മെയ് 21. രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചു. സീസണില്‍ റോയല്‍സിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സഞ്ജു മടങ്ങുന്നതാണ് വീഡിയോയിലെ കാതല്‍. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്ന ആ വീഡിയോ സഞ്ജു അവസാനം പറഞ്ഞ ഒരു വാക്കിലൂടെ ചര്‍ച്ചയായി. ‘ബിഗ് ബൈ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ഇനി റോയല്‍സിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചായിരുന്നു സഞ്ജു അന്ന് അത് പറഞ്ഞത്.
റോയല്‍സ് പങ്കുവച്ച വീഡിയോ
A season full of learnings. A goodbye full of gratitude.
Until next time, Chetta. 💗💗💗 pic.twitter.com/rap4xlBjog
— Rajasthan Royals (@rajasthanroyals) May 21, 2025
ഒടുവില്‍ ഇന്ന് ഒരിക്കല്‍ കൂടി സഞ്ജു റോയല്‍സിനോട് വിട പറഞ്ഞു. “നമ്മൾ ഇവിടെ കുറച്ചു കാലമേ ഉള്ളൂ. ഫ്രാഞ്ചൈസിക്ക് എന്റെ എല്ലാം നൽകി. നല്ല ക്രിക്കറ്റ് ആസ്വദിച്ചു, ജീവിതകാലം മുഴുവൻ നിലനില്‍ക്കുന്ന ചില ബന്ധങ്ങൾ ലഭിച്ചു. ഫ്രാഞ്ചൈസിയിൽ ഉള്ള എല്ലാവരും എന്റെ കുടുംബാംഗങ്ങളായിരുന്നു. സമയമാകുന്നു. ഞാന്‍ പോകുന്നു. എല്ലാത്തിനും നന്ദി”-വൈകാരികമായി സഞ്ജു പറഞ്ഞുനിര്‍ത്തി.
ഉടന്‍ വന്നു റോയല്‍സിന്റെ മറുപടി. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നതൊന്നും വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല, നല്ലത് വരട്ടെ ചേട്ടാ’-വൈകാരികത ഒട്ടും കുറയാതെ തന്നെയായിരുന്നു റോയല്‍സിന്റെ മറുപടി.
വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തുപിടിച്ച പിങ്ക് ജഴ്‌സിയോട് വിടപറഞ്ഞ് സഞ്ജു ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിക്കും. സഞ്ജുവിനെ ഓര്‍ത്ത് മാത്രം റോയല്‍സ് ആരാധകരായവര്‍ ഇനി ചെന്നൈയ്ക്കായി വിസില്‍ മുഴക്കും. എങ്കിലും കുറച്ചുപേരുടെയെങ്കിലും മനസില്‍ ഒരു ചോദ്യം അവശേഷിക്കും; ‘സഞ്ജു എന്തിനായിരിക്കും റോയല്‍സ് വിട്ടത്?’.