Pakistan vs Srilanka: സ്ഫോടനത്തിൽ ആശങ്ക: നാട്ടിലേക്ക് മടങ്ങണമെന്ന് ശ്രീലങ്കൻ താരങ്ങൾ; പോകുന്നവർക്കെതിരെ നടപടിയെന്ന് ബോർഡ്
Srilanka vs Pakistan In Jeoprady: ഇസ്ലാമാബാദ് സ്ഫോടനത്തിൽ ശ്രീലങ്കൻ താരങ്ങൾക്ക് ആശങ്ക. നാട്ടിലേക്ക് മടങ്ങണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ക്രിക്കറ്റ് ബോർഡ് അനുവാദം നൽകിയില്ല.
പാകിസ്താനിലെ ഇസ്ലാമാബാദിലുണ്ടായ സ്ഫോടനത്തിൽ ആശങ്ക അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. നാട്ടിലേക്ക് മടങ്ങണെന്ന് പല താരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, പര്യടനം പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പകരം താരങ്ങളെ ഉൾപ്പെടുത്തി പര്യടനം പൂർത്തിയാക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
നിലവിൽ സ്ഫോടനം നടന്ന ഇസ്ലാമാബാദിലാണ് ശ്രീലങ്കൻ ടീം ഉള്ളത്. ഈ മാസം 13ന് റാവൽപിണ്ടിയിൽ അടുത്ത ഏകദിനം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ശ്രീലങ്കൻ താരങ്ങളിൽ പലരും ആവശ്യപ്പെട്ടത്. എന്നാൽ,പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും ടീം അംഗങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് പ്രകാരം പര്യടനം തുടരാൻ തന്നെയാണ് തീരുമാനമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Also Read: IPL Retention Date and Time: ഐപിഎൽ റിട്ടൻഷൻ പട്ടിക പുറത്തുവരിക നവംബർ 15ന്; എല്ലാ കണ്ണുകളും സഞ്ജുവിൽ
‘പാക് പര്യടനം നടത്തുന്ന ദേശീയ ടീമിലെ പല അംഗങ്ങളും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടതായി ഇന്ന് രാവിലെ ടീം മാനേജ്മെൻ്റ് അറിയിച്ചിരുന്നു. ഉടൻ തന്നെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താരങ്ങളെ ബന്ധപ്പെടുകയും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സഹകരിച്ച് സുരക്ഷ വർധിപ്പിച്ച കാര്യം അറിയിക്കുകയും ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രധാനം. താരങ്ങളോടും പരിശീലകരോടും ടീം മാനേജ്മെൻ്റിനോടും നേരത്തെ നിശ്ചയിച്ചത് പ്രകാരം പര്യടനം തുടരാൻ ബോർഡ് നിർദ്ദേശിച്ചു. ഇത് ലംഘിച്ചുകൊണ്ട് ആരെങ്കിലും തിരികെവന്നാൽ അവർക്കെതിരെ നടപടിയെടുക്കും.’- വാർത്താകുറിപ്പിൽ പറയുന്നു.
മൂന്ന് ഏകദിനങ്ങൾക്കായാണ് ശ്രീലങ്കൻ ടീം പാകിസ്താനിലെത്തിയത്. മൂന്ന് ഏകദിനമത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്നും റാവൽപിണ്ടിയിലാണ്. ആദ്യ മത്സരത്തിൽ ആറ് റൺസിന് പാകിസ്താനെതിരെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഈ മാസം 13, 16 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.