India vs Pakistan: അന്തിമ ഇലവനില്‍ അവസാനവട്ട മിനുക്കുപണികളുമായി ഇന്ത്യ; അക്കാര്യം നടന്നാല്‍ സഞ്ജുവിനും സാധ്യത
T20 World Cup 2026 India vs Pakistan Match Preview: പ്ലേയിങ് ഇലവനെക്കുറിച്ച് അവസാന നിമിഷത്തിലും സസ്‌പെന്‍സുകള്‍ അവശേഷിക്കുന്നു. സഞ്ജു സാംസണ്‍ കളിക്കുമോ, അഭിഷേക് ശര്‍മ ഓപ്പണറാകുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്.

സഞ്ജു സാംസണ്‍
കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയെങ്കിലും പ്ലേയിങ് ഇലവനെക്കുറിച്ച് അവസാന നിമിഷത്തിലും സസ്‌പെന്‍സുകള്‍ അവശേഷിക്കുന്നു. സഞ്ജു സാംസണ്‍ കളിക്കുമോ, അഭിഷേക് ശര്‍മ ഓപ്പണറാകുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ അഭിഷേക് ശര്‍മ കളിച്ചേക്കുമെന്ന സൂചന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ നല്‍കിയെങ്കിലും അന്തിമ സ്ഥിരീകരണമായിട്ടില്ല.
പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ ആഗ്രഹിക്കുന്നുവെങ്കില്‍ അഭിഷേകിനെ കളിപ്പിക്കാമെന്ന് മാത്രമാണ് സൂര്യകുമാര്‍ പറഞ്ഞത്. ഇത് തമാശരൂപേണയുള്ള മറുപടി മാത്രമായി കരുതാം. എന്തായാലും, ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തനായ അഭിഷേക് കൊളംബോയില്‍ ദീര്‍ഘനേരം നെറ്റ്‌സില്‍ പരിശീലിച്ചിരുന്നു. അഭിഷേക് ഇന്ന് കളിച്ചേക്കുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.
അഭിഷേക് കളിക്കുമ്പോള്‍, സ്വഭാവികമായും സഞ്ജു പുറത്തിരിക്കേണ്ടി വരുമെന്നാണ് നിരീക്ഷണം. എന്നാല്‍ അത് പൂര്‍ണമായും ശരിയാകണമെന്നില്ല. സഞ്ജു പുറത്തിരിക്കേണ്ടി വന്നാല്‍ ടോപ് ഓര്‍ഡറില്‍ ഇടംകയ്യന്‍മാരുടെ ബാഹുല്യമാകും ഇന്ത്യന്‍ നിരയിലുണ്ടാവുക. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ പോലൊരു ടീമിനെതിരെ അത്തരമൊരു സമീപനം ഇന്ത്യന്‍ ടീം സ്വീകരിക്കുമോയെന്ന് കണ്ടറിയണം.
Also Read: India vs Pakistan Weather Update: തലേന്ന് മഴ, ഇന്ന് മറ്റൊന്ന്, കൊളമ്പോയിലെ കാലാവസ്ഥ എങ്ങനെ?
ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഇന്ന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരങ്ങള്‍. ഇനിയും നാലു പൊസിഷനുകള്‍ ബാക്കിയാണ്. അവിടെയാണ് സഞ്ജുവിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നത്. അഭിഷേക് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയാലും സഞ്ജുവിന്റെ സാധ്യതകള്‍ പൂര്‍ണമായും അടയുന്നില്ല.
കൊളംബോയിലേത് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ കുല്‍ദീപ് യാദവും, വാഷിങ്ടണ്‍ സുന്ദറും ഇന്ന് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. അര്‍ഷ്ദീപ് സിങിന് പകരം കുല്‍ദീപും, മോശം ഫോമിലുള്ള റിങ്കു സിങിന് പകരം സുന്ദറും കളിക്കാനാണ് സാധ്യത.
ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്നതില്‍ മിടുക്കനാണ് ദുബെ. അക്കാര്യത്തില്‍ സഞ്ജുവും മോശമല്ല. ദുബെ ഓള്‍ റൗണ്ടറാണെങ്കിലും, അദ്ദേഹം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്ഥാനെതിരെ ഒരു ബാറ്ററായി മാത്രം താരത്തെ പ്രയോജനപ്പെടുത്താനാകും ടീം ശ്രമിക്കുക.
ഇതാണ് സഞ്ജുവിന് മുന്നിലുള്ള നേരിയ സാധ്യത. ഇടംകയ്യനായ ദുബെയെ ഒഴിവാക്കി സഞ്ജുവിനെ അന്തിമ ഇലനില്‍ ഉള്‍പ്പെടുത്തിയാല്‍ ഇടത്-വലത് ബാലന്‍സ് നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിക്കും. അങ്ങനെയങ്കില്‍ സഞ്ജുവിനെയും അഭിഷേകിനെയും ഓപ്പണര്‍മാരാക്കി ഇഷാനെ വണ്‍ ഡൗണില്‍ കളിപ്പിക്കാനും കഴിയും. എങ്കിലും നേരിയ സാധ്യത മാത്രമുള്ള അത്തരം പരീക്ഷണങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ശ്രമിക്കുമോയെന്ന് കണ്ടറിയണം.