T20 World Cup 2026 : ഡച്ച് പരീക്ഷ കഴിഞ്ഞു! ഇനി സൂപ്പർ പോരാട്ടം; നെതർലാൻഡ്സിനെതിരെ ഇന്ത്യക്ക് 17 റൺസ് ജയം
T20 World Cup 2026 India vs Netherlands Highlights : ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ലോകകപ്പിൻ്റെ സൂപ്പർ എട്ടിലേക്ക് ആധികാരികമായി പ്രവേശിക്കുന്നത്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സിംബാബ്വെയുമാണ് ഇന്ത്യയുടെ എതിരാളികൾ
അഹമ്മദബാദ് : ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയം. നെതർലാൻഡ്സിനെ 17 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഡച്ച് ടീമിനെ തകർത്ത ഇന്ത്യ തങ്ങളുടെ സൂപ്പർ എട്ട് പ്രവേശനം ആധികാരികമാക്കി. അർധ സെഞ്ചുറി നേടിയ ശിവം ദൂബെയുടെയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ മികവിലാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് പുറമെ ഗ്രൂപ്പ് എയിൽ നിന്നും പാകിസ്താനും സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ അഭിഷേക ശർമ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ റൺസൊന്നുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി. ടൂർണമെൻ്റിൽ മികവ് പുലർത്തുന്ന ഇഷാൻ കിഷനും കാര്യമായ പ്രകടനം കാഴ്ചവെക്കാതെ വന്നപ്പോൾ ഡച്ചുകാരുടെ മുന്നിൽ ഇന്ത്യ ആദ്യമൊന്ന് പതറി. കുറച്ചധികം പന്തുകൾ ചിലവഴിച്ച് തിലക് വർമയും ക്യാപ്റ്റൻ സുര്യകുമാർ യാദവും ടീമിനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി.
എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ ശിവം ദൂബെ അത്രയും നേരം ഇന്ത്യക്ക് മേലുണ്ടായിരുന്ന സമ്മർദ്ദം തിരികെ ഡച്ച് ടീമിന് നൽകി. 31 പന്തിൽ ആറ് സിക്സറുകൾ പറത്തിയും നാല് ഫോറുകളും പായിച്ച് ദുബെ 66 റൺസെടുത്ത ഇന്ത്യൻ ടീമിൻ്റെ സ്കോർ ബോർഡിൻ്റെ നെടും തൂണായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ദുബൈയ്ക്ക് ഹാർദിക് പാണ്ഡ്യ മികച്ച് പിന്തുണ നൽകി. ആറ് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ ഇന്ത്യ 193 റൺസെടുക്കുകയായിരുന്നു. നെതർലാൻഡ്സിനായി ലോഗൻ വാൻ ബീക്ക് മൂന്നും ഇന്ത്യൻ വംശജൻ ആര്യൻ ദത്ത രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. കൈയിൽ ക്ലീനാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
ALSO READ : Abhishek Sharma : അഭിഷേകിന് ഇതെന്ത് പറ്റി പടിക്കൽ കലമുടയ്ക്കാൻ? ന്യൂസിലാൻഡിനെതിരെ കളിച്ചതെല്ലാം മറന്നോ?
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്സ് വളരെ കരുതലോടെയാണ് ഇന്നിങ്സിന് തുടക്കമിട്ടത്. എന്നാൽ പവർ പ്ലേ കഴിഞ്ഞ സ്കോർ ബോർഡിൽ വലിയ അനക്കമില്ലാതെ വന്നപ്പോൾ റൺസ് അടിച്ചുകൂട്ടാനായി ശ്രമിച്ച നെതർലാൻഡ്സിൻ്റെ വിക്കറ്റ് വീഴ്ചയും തുടങ്ങി. ഓരോ ഇടവേളകളിലായി ഡച്ച് വിക്കറ്റുകൾ വീണതോടെ ഇന്ത്യയ്ക്ക് അനായാസം ജയം സ്വന്തമാക്കാൻ സാധിച്ചു. 33 റൺസെടുത്ത ബസ് ഡീ ലീഡാണ് ഡച്ച് നിരയിലെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ശിവം ദുബെ രണ്ടും ജസ്പ്രിത് ബുമ്രയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ഫെബ്രുവരി 21-ാം തീയതി മുതലാണ് സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കമാകുക. സൂപ്പർ എട്ടിൽ ഗ്രൂപ്പിൽ ഒന്നിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ എന്നീ ടീമികളാണുള്ളത്. 22-ാം തീയതി ദക്ഷിണാഫ്രിക്കയ്ക്കെതിരയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരം. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുക