T20 World Cup 2026: വീണ്ടും പാക് വംശജർക്കുള്ള വീസ തടഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ട് ടി20 ലോകകപ്പ് ടീമിലെ അംഗങ്ങൾക്ക് തിരിച്ചടി
Pak Origin Players Visa Delayed: ടി20 ലോകകപ്പ് ടീമിലെ പാക് വംശജരായ ഇംഗ്ലണ്ട് താരങ്ങൾക്കുള്ള വീസ തടഞ്ഞു. യുഎസ്എ ടീമിലെ നാല് താരങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീമിലെ രണ്ട് താരങ്ങളുടെ വീസയാണ് തടഞ്ഞത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
വീണ്ടും പാക് വംശജരായ താരങ്ങൾക്കുള്ള വീസ തടഞ്ഞ് ഇന്ത്യ. യുഎസ്എ ടീമിലെ പാക് വംശജരായ നാല് താരങ്ങൾക്കുള്ള വീസ അപേക്ഷ നേരത്തെ ഇന്ത്യ തിരസ്കരിച്ചിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ പാക് വംശജരുടെ വീസ അനിശ്ചിതമായി വൈകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ട് സ്പിന്നർമാരായ ആദിൽ റഷീദിൻ്റെയും രെഹാൻ അഹ്മദിൻ്റെയും വീസകളാണ് അനിശ്ചിതമായി വൈകുന്നത്. ഇരുവർക്കും ഇതുവരെ വീസ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരങ്ങൾക്ക് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ശ്രീലങ്കയ്ക്കെതിരായ പരിമിത ഓവർ പരമ്പരകൾക്കുള്ള ടീമിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയും ഇന്ത്യയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
അമേരിക്കൻ ടീമിലെ പാകിസ്താൻ താരങ്ങളായ അലി ഖാൻ, ഷയൻ ജഹാംഗീർ, മുഹമ്മദ് മുഹ്സിൻ, ഇഹ്സാൻ ആദിൽ എന്നീ താരങ്ങളുടെ വീസകളാണ് ഇന്ത്യൻ തടഞ്ഞത്. ഇവർക്ക് ഇതുവരെ ടി20 ലോകകപ്പ് കളിക്കാനായി ഇന്ത്യയിലെത്താനുള്ള വീസ ലഭിച്ചിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് താരങ്ങൾക്കുള്ള വീസ എത്രയും വേഗം ശരിയാകുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും അപേക്ഷകൾക്ക് പ്രശ്നങ്ങളില്ലെന്ന് ഇന്ത്യൻ സർക്കാരും അറിയിച്ചു. വീസ നടപടികൾ വേഗത്തിലാക്കാൻ യുകെ സർക്കാരിൽ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സഹായം തേടിയിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരം.
നേപ്പാളാണ് എതിരാളികൾ. ഈ മത്സരത്തിന് മുൻപ് ഇരുവരുടെയും വീസ ശരിയാകുമെന്ന് ഇസിബി പ്രത്യാശ പ്രകടിപ്പിച്ചു. ബംഗ്ലാദേശിനെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. ഈ മത്സരത്തിൻ്റെ വേദിയെ സംബന്ധിച്ച ആശങ്കകളും നിലനിൽക്കുന്നുണ്ട്. ലോകകപ്പിനായി ടീം ഇന്ത്യയിലേക്ക് വരില്ല എന്ന ഉറച്ചനിലപാടിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.