T20 World Cup 2026: ശ്രേയസ് അയ്യർ ടി20 ലോകകപ്പ് ടീമിലേക്കോ? താരത്തിന് മുന്നിൽ തുറക്കുന്നത് സുവർണാവസരം
Shreyas Iyer To T20 WC: ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ ശ്രേയാസ് അയ്യർക്ക് അവസരം. ന്യൂസീലൻഡിനെതിരെ നന്നായി കളിക്കാനായാൽ താരം ലോകകപ്പ് ടീമിലെത്തും.

ശ്രേയസ് അയ്യർ
ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ആദ്യ മൂന്ന് മത്സരങ്ങളിൽ ശ്രേയസ് അയ്യരിന് ഇടം. പരിക്കേറ്റ് പുറത്തായ തിലക് വർമ്മയ്ക്ക് പകരക്കാരനായാണ് ശ്രേയസിനെ ടീമിൽ പരിഗണിച്ചിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ തിലക് വർമ്മ തിരികെവരുമെന്നാണ് സൂചന. എന്നാൽ, ന്യൂസീലൻഡിനെതിരെ നന്നായി കളിക്കാനായാൽ ശ്രേയാസ് അയ്യർക്ക് ലോകകപ്പ് ടീമിലേക്കും വഴിതുറന്നേക്കാം.
തിലക് വർമ്മ തിരികെ എത്തുമെങ്കിലും പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് ലോകകപ്പ് നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ സുന്ദറിന് പകരം അയ്യർ ടീമിലെത്തിയേക്കാം. സ്പിൻ ഓൾറൗണ്ടറായ വാഷിംഗ്ടൺ സുന്ദറിന് പകരം ബാറ്ററായ ശ്രേയസ് അയ്യർ എത്തുന്നത് ടീം ബാലൻസിനെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ടെങ്കിലും വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നീ മൂന്ന് ലോകോത്തര സ്പിൻ ഓപ്ഷനുകൾ ഇന്ത്യക്കുണ്ട്. ഇത് സുന്ദറിൻ്റെ അഭാവം നികത്താൻ മതിയാവും.
അയ്യർ ടീമിലെത്തിയാലും ഫൈനൽ ഇലവനിൽ കളിച്ചേക്കില്ല. ന്യൂസീലൻഡിനെതിരെ മൂന്നാം നമ്പറിൽ തിലക് വർമ്മയ്ക്ക് പകരം ഇഷാൻ കിഷന് നറുക്ക് വീണേക്കും. ഒരു മത്സരത്തിൽ ശ്രേയാസ് അയ്യരെയും പരീക്ഷിക്കാനിടയുണ്ട്. ടി20 ലോകകപ്പിൽ തിലക് വർമ്മ തിരികെ എത്തിയാൽ ശ്രേയസ് കളിക്കില്ലെന്നുറപ്പാണ്. തിലക് വർമ്മ മാച്ച് ഫിറ്റായില്ലെങ്കിൽ ഇഷാൻ കിഷനോ ശ്രേയസ് അയ്യരോ ആവും മൂന്നാം നമ്പരിൽ ഇറങ്ങുക.
ഏറെക്കാലമായി ഇന്ത്യയുടെ ടി20 സെറ്റപ്പിൽ നിന്ന് പുറത്താണ് ശ്രേയസ് അയ്യർ. ഐപിഎലിലും ആഭ്യന്തര മത്സരങ്ങളും തുടരെ തകർത്തുകളിച്ചെങ്കിലും ഇന്ത്യയുടെ ടി20 സെറ്റപ്പിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. മൂന്ന്, നാല് നമ്പരുകളിൽ തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്നിവരാണ് നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നത്. ഈ സ്ഥാനത്തേക്കാണ് ശ്രേയസ് അയ്യരിൻ്റെ മത്സരം.