VHT 2026: പരിക്കിൽ നിന്ന് പൂർണ മുക്തനായി ശ്രേയസ് അയ്യർ; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റൻ
Shreyas Iyer To Lead Mumbai: മുംബൈ ക്യാപ്റ്റനായി ശ്രേയാസ് അയ്യർ കളിക്കളത്തിലേക്ക്. വിജയ് ഹസാരെ ട്രോഫിയിലെ ഇനിയുള്ള മത്സരങ്ങളിൽ ശ്രേയസ് ആവും മുംബൈ ക്യാപ്റ്റൻ.
സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ കളത്തിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ താരം മുംബൈയെ നയിക്കും. നിലവിലെ ക്യാപ്റ്റനായ ശാർദുൽ താക്കൂർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ശ്രേയാസ് അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
താരം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചിരുന്നു. ഫിറ്റ്നസ് തെളിയിച്ചാലേ ശ്രേയാസിനെ ടീമിൽ പരിഗണിക്കൂ എന്നും ബിസിസിഐ പറഞ്ഞിരുന്നു. വിജയ് ഹസാരെ ട്രോഫി ടീമിനെ നയിക്കുമ്പോൾ ശ്രേയസിന് ഫിറ്റ്നസ് തെളിയിക്കാനാവും. അതുകൊണ്ട് തന്നെ ന്യൂസീലൻഡിനെതിരെ താരം കളിക്കും.
Also Read: Sanju Samson: ഏകദിനത്തിൽ ഉൾപ്പെടാത്തവരുടെ ഇലവൻ; സഞ്ജു സാംസൺ ക്യാപ്റ്റൻ
രണ്ട് മത്സരങ്ങളാണ് ഇനി മുംബൈയ്ക്ക് ഗ്രൂപ്പ് സിയിൽ അവശേഷിക്കുന്നത്. ഈ മാസം ആറിന് ഹിമാചൽ പ്രദേശും എട്ടിന് പഞ്ചാബുമാണ് മുംബൈയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങൾ ശ്രേയസ് ടീമിനെ നയിക്കും. ജനുവവരി 11നാണ് ന്യൂസീലൻഡ് പരമ്പര ആരംഭിക്കുക. അതുകൊണ്ട് തന്നെ വിജയ് ഹസാരെ ട്രോഫി അവസാനിച്ചതിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടീമിനൊപ്പം ചേരാനാവും.
ഗ്രൂപ്പിൽ മുംബൈ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ച് 16 പോയിൻ്റാണ് മുംബൈക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനും 16 പോയിൻ്റുണ്ട്. എങ്കിലും മികച്ച നെറ്റ് റൺറേറ്റ് പഞ്ചാബിന് തുണയാവുകയായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള മത്സരമാവും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻ്റെ നില പരുങ്ങലിലാണ്. ഗ്രൂപ്പ് എയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്നെണ്ണം മാത്രം വിജയിച്ച കേരളം പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ചിൽ അഞ്ചും വിജയിച്ച കർണാടകയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.