WPL 2026: യുപി വാരിയേഴ്സിനായി പ്രതിക റാവൽ കളിക്കുമോ?; ബിസിസിഐയുടെ നിർദ്ദേശം കാത്തിരിക്കുന്നു എന്ന് പരിശീലകൻ
Pratika Rawal In WPL: പ്രതിക റാവൽ ഇത്തവണ വനിതാ പ്രീമിയർ ലീഗ് കളിക്കുമോ? അക്കാര്യത്തിൽ ബിസിസിഐ തീരുമാനം പറയണമെന്നാണ് പരിശീലകൻ്റെ നിലപാട്.
ഇന്ത്യൻ ഓപ്പണർ പ്രതിക റാവലിലെ വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സാണ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ താരം ഇനിയും അതിൽ നിന്ന് മുക്തി നേടിയിട്ടില്ല. എന്നിട്ടും യുപി താരത്തിനായി പണമെറിയുകയായിരുന്നു. പ്രതിക സീസണിൽ കളിക്കുമോ എന്നറിയാൻ ബിസിസിഐയുടെ നിർദ്ദേശം കാത്തിരിക്കുകയാണെന്നാണ് ടീം പരിശീലകൻ അഭിഷേക് നായർ പറഞ്ഞത്.
പരിക്കേറ്റ താരം ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിലാണെന്നാണ് സൂചന. ഇവിടെനിന്ന് ഫിറ്റ്നസ് ക്ലിയറൻസ് കിട്ടിയാലേ കളിക്കാനാവൂ. പ്രതികയുടെ കാര്യം ഇപ്പോഴും തങ്ങൾക്ക് ഉറപ്പില്ലെന്ന് അഭിഷേക് നായർ പറഞ്ഞു. സെൻ്റർ ഓഫ് എക്സലൻസ് അറിയിക്കുന്നതിനനുസരിച്ച് തങ്ങൾ തീരുമാനമെടുക്കും. എങ്കിലും പ്രതിക ടീമിലുള്ളത് വളരെ ആവേശമുളവാക്കുന്നതാണ്. പലതരം താരങ്ങളുടെങ്കിലേ ഒരു ടീം നല്ല ടീം ആവൂ. എല്ലാവരും ഒരുപോലെ കളിക്കുന്ന ടീമല്ല വേണ്ടതെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
Also Read: VHT 2026: പരിക്കിൽ നിന്ന് പൂർണ മുക്തനായി ശ്രേയസ് അയ്യർ; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റൻ
കഴിഞ്ഞ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും ഉയർന്ന പഴ്സുമായെത്തിയ ടീമായിരുന്നു യുപി വാരിയേഴ്സ്. ശ്വേത സെഹ്റാവതിനെ മാത്രമാണ് യുപി നിലനിർത്തിയത്. ലേലത്തിൽ മികച്ച താരങ്ങളെ അവർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം മെഗ് ലാനിങിനെ യുപി ക്യാപ്റ്റനായി തീരുമാനിച്ചിരുന്നു. ഫീബി ലിച്ച്ഫീൽഡ്, ദീപ്തി ശർമ്മ, ആശ ശോഭന, ദിയേന്ദ്ര ഡോട്ടിൻ, ഹർലീൻ ഡിയോൾ, സോഫി എക്ലസ്റ്റൺ, ശിഖ പാണ്ഡെ, ക്രാന്തി ഗൗഡ് തുടങ്ങിയ താരങ്ങൾ യുപിയിലുണ്ട്.
ഇതുവരെ ഫൈനൽ കളിക്കാത്ത രണ്ട് ടീമുകളിൽ ഒന്നാണ് യുപി. കഴിഞ്ഞ മൂന്ന് സീസണുകളിൽ പ്ലേ ഓഫ് കാണാത്ത ഒരേയൊരു ടീമും യുപി വാരിയേഴ്സാണ്. ഇത്തവണ അത് തിരുത്തിക്കുറിക്കണമെന്നുറപ്പിച്ചാണ് യുപിയുടെ വരവ്.