VHT 2026: എന്തൊരു ഗതികേടാണ്!; ശുഭ്മൻ ഗില്ലിന് ഭക്ഷ്യ വിഷബാധ; വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ കഴിയാതെ താരം
Shubman Gill Food Poisoning: ശുഭ്മൻ ഗില്ലിന് ഭക്ഷ്യ വിഷബാധ. ഇതേ തുടർന്ന് താരം വിജയ് ഹസാരെ ട്രോഫിയിലെ ഇന്നത്തെ മത്സരം കളിച്ചില്ല.
ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ ഗതികേട് തുടരുന്നു. വിജയ് ഹസാരെ ട്രോഫി കളിക്കാനൊരുങ്ങിയ താരത്തിന് ഇന്ന് പഞ്ചാബിനായി കളത്തിലിറങ്ങാനായില്ല. ഭക്ഷ്യവിഷബാധയേറ്റതോടെയാണ് ഗില്ലിന് സിക്കിമിനെതിരായ മത്സരം നഷ്ടമായത്. ഇന്ന് സിക്കിമിനും ആറാം തീയതി ഗോവയ്ക്കും എതിരായ മത്സരങ്ങളിൽ താരം കളിക്കാൻ തീരുമാനിച്ചിരുന്നതാണ്.
നേരത്തെ തന്നെ താരം അസ്വസ്ഥത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ടീം മെഡിക്കൽ ടീം താരത്തിന് വിശ്രമം നിർദ്ദേശിച്ചു. ഇതേ തുടർന്ന് മുൻകരുതലായാണ് ഗില്ലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിൻ്റെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഗോവയ്ക്കെതിരെ ഗിൽ കളിച്ചേക്കും.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ഗിൽ ഇനി കളിക്കേണ്ടത്. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഗിൽ ആവും ടീം ക്യാപ്റ്റൻ. അതേസമയം, താരം 2026 ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് പുറത്തായിരുന്നു. വൈസ് ക്യാപ്റ്റനായിരുന്ന താരത്തെ മാറ്റി മലയാളി താരം സഞ്ജു സാംസണെയാണ് സെലക്ടർമാർ പരിഗണിച്ചത്. ഈ തിരിച്ചടിയ്ക്ക് ശേഷം ഗിൽ കളിക്കേണ്ടിയിരുന്ന ആദ്യ മത്സരമായിരുന്നു ഇത്.
ഏകദിന ടീമിൽ നിന്ന് ഋഷഭ് പന്ത് പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പന്തിന് പകരം ഇഷാൻ കിഷനും ധ്രുവ് ജുറേലുമാണ് പരിഗണനയിൽ. ഏറെക്കാലത്തിന് ശേഷം മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തിയേക്കും. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിക്കും. സർജറിയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വൈസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ടീമിൽ ഇടം നേടില്ലെന്നാണ് വിവരം. മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നില്ല.