Sanju Samson: ആദ്യം സ്‌ക്വാഡില്‍, ഇപ്പോള്‍ കാണാനേയില്ല; സഞ്ജുവിന് എന്തു പറ്റി?
Sanju Samson's participation in VHT: സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരം കളിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത്.

Sanju Samson
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ചില പ്രത്യേകതകള്‍ നിറഞ്ഞതാണ്. സൂപ്പര്‍ താരം രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും നീണ്ട ഇടവേളയ്ക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയെന്നതാണ് പ്രത്യേകത. ഇരുവരും കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ സെഞ്ചുറികള്‍ അടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി. ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി അടക്കമുള്ള യുവ താരങ്ങളും ആദ്യ ദിനം തിളങ്ങി.
ദേശീയ ടീമിലെ ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്താന്‍ മലയാളി താരം സഞ്ജു സാംസണിന് വിജയ് ഹസാരെ ട്രോഫി ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ ത്രിപുരയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ സഞ്ജു കളിച്ചില്ല. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവും ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സഞ്ജു സ്‌ക്വാഡില്‍ പോലുമില്ല.
സഞ്ജു മാത്രമല്ല, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ തുടങ്ങിയ ടി20 ലോകകപ്പ് സ്‌ക്വാഡിലെ പലരും വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരം കളിച്ചില്ല. മുംബൈ താരങ്ങളായ സൂര്യയും, ദുബെയും ജനുവരി 6, 8 തീയതികളില്‍ നടക്കുന്ന അവസാന മത്സരങ്ങളില്‍ മാത്രമേ കളിക്കൂവെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: Sanju Samson: ഞെട്ടിച്ച തീരുമാനങ്ങള്‍, അപ്രതീക്ഷിത തിരിച്ചുവരവ്; സഞ്ജു കസറിയ 2025
വിജയ് ഹസാരെ ട്രോഫിയിലെ എല്ലാ മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നും ടി20 ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങള്‍ക്ക് ബിസിസിഐ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഈ താരങ്ങള്‍ അവസാന രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ മതിയാകുമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാനും, പരിക്കിനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിനുമാകാം ഈ നിര്‍ദ്ദേശം നല്‍കിയത്.
സഞ്ജുവടക്കമുള്ള താരങ്ങള്‍ കളിക്കാത്തത് ഇതുകൊണ്ടാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ടി20 ലോകകപ്പ് സ്‌ക്വാഡിലുള്ള അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയ ഏതാനും താരങ്ങള്‍ ബിസിസിഐയുടെ ഇളവ് ഉപയോഗിക്കാതെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരം കളിച്ചതും ശ്രദ്ധേയമായി.