AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും പരിക്ക്; ഏകദിന ടീമില്‍ ഒഴിവുകള്‍; സഞ്ജുവിന് സാധ്യത?

Will Sanju Samson Return to ODI Squad: സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്താന്‍ സാധ്യത. ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലായതിനാല്‍ ഏകദിന ടീമില്‍ ഒഴിവുകള്‍ വന്നതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്

Sanju Samson: ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും പരിക്ക്; ഏകദിന ടീമില്‍ ഒഴിവുകള്‍; സഞ്ജുവിന് സാധ്യത?
സഞ്ജു സാംസണ്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Nov 2025 17:11 PM

സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ ശക്തമാകുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലായതിനാല്‍ ഏകദിന ടീമില്‍ ഒഴിവുകള്‍ വന്നതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. ടീമില്‍ ഒഴിവുകളില്ലാത്തതിനാലാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ തഴഞ്ഞത്. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന തൊടുന്യായം നിരത്തിയാണ് സെലക്ടര്‍മാര്‍ താരത്തെ ഒഴിവാക്കിയത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് ബാറ്റിങിനിടെ ഗില്ലിന് പരിക്കേറ്റത്. ഗില്ലിന്റെ കഴുത്തിനാണ് പരിക്കേറ്റത്. താരം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ ഗില്‍ തുടരുമെന്ന്‌ ബിസിസിഐ അറിയിച്ചു. രണ്ടാം ഇന്നിങ്‌സില്‍ താരം ബാറ്റ് ചെയ്യാനെത്തിയില്ല.

ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. പരിക്ക് വിലയിരുത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനെടുക്കൂ. പരിക്കേറ്റ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഗില്ലിന് വിശ്രമം അനുവദിക്കാനാണ് സാധ്യത.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്ന ഗില്ലിന് വര്‍ക്ക്‌ലോഡ് കൂടുതലാണ്. ഈ വർഷം ചാമ്പ്യൻസ് ട്രോഫി, ഐപിഎൽ, ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ, ഏഷ്യാ കപ്പ്, വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റുകൾ, ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ അഞ്ച് ടി20  എന്നിവ ഗില്‍ ഇതിനകം കളിച്ചുകഴിഞ്ഞു.

Also Read: Sanju Samson: ‘സമ്പത്തുകാലത്ത് തൈ പത്ത്’ വച്ച് സിഎസ്കെ, സഞ്ജുവിനെ എത്തിച്ചതിന് പിന്നില്‍ വന്‍ ലക്ഷ്യം

ഗില്ലിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ലെങ്കിലും, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുണ്ടാകില്ലെന്ന് ഉറപ്പാണ്. ശ്രേയസിന്റെയും, ഗില്ലിന് വിശ്രമം അനുവദിച്ചാല്‍ അദ്ദേഹത്തിന്റെയും ഒഴിവുകളിലേക്ക് സെലക്ടര്‍മാര്‍ക്ക് രണ്ട് പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.

സഞ്ജുവടക്കമുള്ള താരങ്ങള്‍ തീര്‍ച്ചയായും സെലക്ടര്‍മാരുടെ പരിഗണനയില്‍ വരും. 2023 ഡിസംബര്‍ 21ലാണ് സഞ്ജു അവസാനം ഏകദിനത്തില്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടുകയും, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ ഇനി സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തത് തിരിച്ചടിയാണ്. ഇന്ത്യ എയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദ് സഞ്ജുവിന് വെല്ലുവിളിയാണ്. ഗില്‍ കളിച്ചില്ലെങ്കില്‍ ഓപ്പണറായി റുതുരാജ് കളിക്കാന്‍ സാധ്യതയുണ്ട്. അഭിഷേക് ശര്‍മയെ ഏകദിനത്തില്‍ പരിഗണിക്കാനും സാധ്യതയുണ്ട്.

വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും, കെഎല്‍ രാഹുലും ഇടം പിടിക്കുമെന്നതിനാല്‍ സ്‌ക്വാഡില്‍ ഇടം നേടിയാലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. നവംബര്‍ 20നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.