WPL 2026: ഡൽഹിയെ 50 റൺസിന് വീഴ്ത്തി; വനിതാ പ്രീമിയർ ലീഗിൽ മുംബൈക്ക് ആദ്യ ജയം
Mumbai Indians Wins Against Delhi Capitals: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ജയം. ഡൽഹി ക്യാപിറ്റൽസിനെയാണ് വീഴ്ത്തിയത്.
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. തങ്ങളുടെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആധികാരികമായി വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് ആദ്യ ജയം നേടിയത്. അദ്യം ബാറ്റ് ചെയ്ത മുംബൈ 196 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ഡൽഹി 145 റൺസിന് ഓളൗട്ടാവുകയായിരുന്നു. 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈയുടെ ടോപ്പ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി വീണ്ടും അമേലിയ കെർ (0) നിരാശപ്പെടുത്തിയെങ്കിലും ടീമിലെ രണ്ട് സീനിയർ താരങ്ങൾ അവസരത്തിനൊത്തുയർന്നു. നാറ്റ് സിവർ ബ്രണ്ട് മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ജി കമാലിനിയുമായി താരം 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കമാലിനി മടങ്ങിയതോടെ ഹർമൻപ്രീത് കൗർ ക്രീസിലെത്തി. ഹർമനും തകർപ്പൻ ഫോമിലായിരുന്നു. ഇതിനിടെ ബ്രണ്ട് ഫിഫ്റ്റി തികച്ചു. 66 റൺസ് നീണ്ട കൂടുകെട്ടിനൊടുവിൽ 46 പന്തിൽ നിന്ന് 70 റൺസ് നേടി താരം കളം വിട്ടു.
പിന്നാലെയെത്തിയ നിക്കോള കാരിയും മുംബൈ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. 53 റൺസാണ് ഹർമനും നിക്കോളയും ചേർന്ന് കൂട്ടിച്ചേർത്തത്. ഇതിനിടെ ഹർമൻ ഫിഫ്റ്റിയിലെത്തി. കാരി (21) മടങ്ങിയെങ്കിലും മുംബൈയെ വമ്പൻ സ്കോറിലെത്തിക്കാൻ ഹർമന് കഴിഞ്ഞു.
മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ഡൽഹിയെ നിലയുറപ്പിക്കാൻ മുംബൈ അനുവദിച്ചില്ല. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഡൽഹിയെ 33 പന്തിൽ 56 റൺസ് നേടിയ ഷിനേൽ ഹെൻറി ആണ് മാന്യമായ സ്കോറിലെത്തിച്ചത്. നിക്കോള കാരിയും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നാറ്റ് സിവർ ബ്രണ്ടിന് രണ്ട് വിക്കറ്റുണ്ട്.