AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: അവസാന ഓവറിൽ 18 റൺസ് പിന്തുടർന്ന് വിജയിച്ച് ആർസിബി; തുണച്ചത് നദീൻ ഡി ക്ലർക്കിൻ്റെ ഓൾറൗണ്ട് മികവ്

RCB Wins Against MI: വനിതാ പ്രീമിയർ ലീഗിൽ മുംബൈയെ തോല്പിച്ച് ബെംഗളൂരു. മൂന്ന് വിക്കറ്റിനാണ് ബെംഗളൂരുവിൻ്റെ ജയം.

WPL 2026: അവസാന ഓവറിൽ 18 റൺസ് പിന്തുടർന്ന് വിജയിച്ച് ആർസിബി; തുണച്ചത് നദീൻ ഡി ക്ലർക്കിൻ്റെ ഓൾറൗണ്ട് മികവ്
വനിതാ പ്രീമിയർ ലീഗ്Image Credit source: PTI
Abdul Basith
Abdul Basith | Published: 10 Jan 2026 | 06:30 AM

വനിതാ പ്രീമിയർ ലീഗ് നാലാം സീസൺ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആവേശജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ആർസിബിയുടെ ജയം. 154 റൺസ് പിന്തുടർന്നിറങ്ങിയ ബെംഗളൂരു അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയിക്കുകയായിരുന്നു. നാല് വിക്കറ്റും പുറത്താവാതെ 63 റൺസ് നേടിയ നദീൻ ഡി ക്ലർക്ക് ആണ് ബെംഗളൂരുവിൻ്റെ വിജയശില്പി.

അമേലിയ കെറും കമാലിനി മുഖർജിയും ചേർന്നാണ് മുംബൈ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ടൈമിങ് കണ്ടെത്താൻ ഏറെ വിഷമിച്ച കെർ 15 പന്തുകൾ നേരിട്ട് നാല് റൺസ് മാത്രം നേടി പുറത്തായി. നാറ്റ് സിവർ ബ്രണ്ടും (4) വേഗം മടങ്ങി. കമാലിനി (32), ഹർമൻപ്രീത് കൗർ (20) എന്നിവരും വീണതോടെ മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

Also Read: WPL 2026: ആർസിബി ബൗളർമാരോട് കരുണയില്ലാതെ സജനയുടെ പ്രഹരം; മലയാളി താരത്തിന്റെ കരുത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്‌കോർ

ഇവിടെനിന്ന് മലയാളി താരം എസ് സജനയും നിക്കോള കാരിയും ചേർന്ന കൂട്ടുകെട്ടാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. 82 റൺസ് നീണ്ട കൂട്ടുകെട്ടിന് ശേഷം അവസാന ഓവറിൽ സജനയും (45) കാരിയും (40) മടങ്ങി.

മറുപടി ബാറ്റിംഗിൽ ആർസിബിയ്ക്ക് ഗംഭീര തുടക്കം ലഭിച്ചു. ഗ്രേസ് ഹാരിസും (25) സ്മൃതി മന്ദനയും (18) ചേർന്ന് ആദ്യ നാലോവറിൽ അടിച്ചുകൂട്ടിയത് 40 റൺസ്. ഇരുവരും പുറത്തായതിന് പിന്നാലെ ആർസിബി തകർന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിൽ നിന്ന് നദീൻ ഡി ക്ലെർക്ക് ബെംഗളൂരുവിനെ ആവേശജയത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവറിലെ 18 റൺസ് വിജയലക്ഷ്യം അവസാനത്തെ നാല് പന്തുകളിൽ തുടരെ സിക്സറും ബൗണ്ടറിയും നേടിയാണ് നദീൻ മറികടന്നത്.