WPL 2026: തോല്‍ക്കാന്‍ മനസില്ലാതെ ആര്‍സിബി; അപരാജിതക്കുതിപ്പുമായി പ്ലേ ഓഫില്‍
RCB becomes first team to enter playoffs in WPL 2026: ഡബ്ല്യുപിഎല്ലില്‍ അപരാജിതക്കുതിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ജയന്റ്‌സിനെ 61 റണ്‍സിന് തോല്‍പിച്ച് ആര്‍സിബി തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇതോടെ ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ആര്‍സിബി മാറി.
വഡോദര: ഡബ്ല്യുപിഎല്ലില്‍ അപരാജിതക്കുതിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ജയന്റ്‌സിനെ 61 റണ്‍സിന് തോല്‍പിച്ച് ആര്‍സിബി തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇതോടെ ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ആര്‍സിബി മാറി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഗുജറാത്തിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 117 എന്ന നിലയില്‍ അവസാനിച്ചു.
55 പന്തില്‍ 73 റണ്‍സെടുത്ത ആര്‍സിബിയുടെ ഗൗതമി നായിക്കാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബിക്കായി ഗൗതമി ഒഴികെയുള്ള താരങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 20 പന്തില്‍ 27 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷാണ് ആര്‍സിബിയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും (23 പന്തില്‍ 26), രാധ യാദവുമാണ് (എട്ട് പന്തില്‍ 17) ആര്‍സിബി നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ഗുജറാത്തിനായി ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നറും, കാശ്‌വീ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Also Read: WPL 2026: തുടർച്ചയായ നാലാം ജയവുമായി ബെംഗളൂരു; മൂന്നാം പരാജയത്തിലേക്ക് വീണ് ഡൽഹി
മറുപടി ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിനായി ഗാര്‍ഡ്‌നര്‍ക്ക് മാത്രമാണ് പോരാടാന്‍ സാധിച്ചത്. താരം 43 പന്തില്‍ 54 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സ് കടക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സയാലി സത്ഘരെയും, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ നദൈന്‍ ഡി ക്ലര്‍ക്കുമാണ് ആര്‍സിബിയെ തളച്ചത്. അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ആര്‍സിബി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും, മൂന്ന് തോല്‍വിയുമായി ഗുജറാത്ത് നാലാമതാണ്.
ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വൈകിട്ട് 7.30 ന് വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ഡല്‍ഹിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.