T20 World Cup 2026: ‘ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാൻ ആശങ്കയുണ്ട്’; ഐസിസിയുടെ തീരുമാനത്തിന് കാത്തിരിക്കുന്നു എന്ന് ബിസിബി
BCB On T20 WC 2026: ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ ആശങ്കയുണ്ടെന്ന് ബിസിബി. ഐസിസിയുടെ നിലപാടനുസരിച്ച് ഇതിൽ തീരുമാനമെടുക്കുമെന്നും ബോർഡ് പറഞ്ഞു.
ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാൻ ആശങ്കയുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസിയ്ക്ക് മെയിലയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അമീനുൽ ഇസ്ലാം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ക്രിക്കറ്റ് ബോർഡിലെ ഡയറക്ടർമാരെല്ലാം ചേർന്ന് രണ്ട് തവണ യോഗം ചേർന്ന് തീരുമാനിച്ചതാണിത്. നമ്മുടെ താരങ്ങളെ ലോകകപ്പ് കളിക്കാനായി ഇന്ത്യയിലേക്ക് അയക്കാൻ ആശങ്കയുണ്ട്. ഐസിസിയെ ഇക്കാര്യം അറിയിച്ചു. കത്തിൽ പറയാനുള്ള കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് സുരക്ഷയാണ് ഏറ്റവും വലിയ കാര്യം. ഐസിസിയ്ക്ക് മെയിൽ അയച്ചിട്ടുണ്ട്. ഐസിസി യോഗം വിളിക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഐസിസിയുടെ നിലപാട് അറിഞ്ഞിട്ടാവും ഞങ്ങളുടെ ബാക്കി തീരുമാനം. ബിസിസിഐയുമായി ഞങ്ങൾ സംസാരിക്കുന്നില്ല. കാരണം ഇത് ഐസിസി ഇവൻ്റാണ്. ഐസിസിയുമായാണ് ഞങ്ങൾ സംസാരിക്കുന്നത്.”- അമീനുൽ ഇസ്ലാം പറഞ്ഞു.
Also Read: T20 World Cup 2026: ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി കേട്ടു? ടി20 ലോകകപ്പ് റീ ഷെഡ്യൂൾ ചെയ്‌തേക്കും
അതേസമയം, നിലവിലെ രാഷ്ട്രീയകാരണങ്ങളുടെ പശ്ചാത്തലത്തിൽ സെപ്തംബറിലെ പരിമിത ഓവർ പരമ്പരകൾക്കായി ഇന്ത്യൻ ടീം ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തേക്കില്ലെന്ന വാർത്തകളെ അദ്ദേഹം തള്ളി. ലോകകപ്പ് കളിക്കുന്നതും ഉഭയകക്ഷി പരമ്പര കളിക്കുന്നതും രണ്ട് കാര്യമാണ്. ഇപ്പോൾ ലോകകപ്പിൻ്റെ കാര്യമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിബി നല്‍കിയ കത്ത് ഐസിസി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിബിയുടെ ആശങ്ക പരിഗണിച്ച് 2026 ലോകകപ്പ് മത്സരക്രമം വീണ്ടും പുറത്തിറക്കുമെന്നും സൂചനയുണ്ട്. ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ഇന്ത്യയുടെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒരെണ്ണം മുംബൈയിലുമായിരുന്നു നടക്കേണ്ടിയിരുന്നത്. ഈ മത്സരങ്ങളൊക്കെ ശ്രീലങ്കയിലേക്ക് മാറ്റുമെന്നാണ് വിവരം.
ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ടൂർണമെൻ്റ് അവസാനിക്കും. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.