Sanju Samson: അടുത്ത പ്രതീക്ഷ ടി20യില്‍; പക്ഷേ, അവിടെയും പ്രശ്‌നം; സഞ്ജു മറികടക്കേണ്ടത് ആ മൂന്നു പേരെ
India vs South Africa T20 Series Crucial For Sanju Samson: ടി20 ടീമില്‍ സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഏഷ്യാ കപ്പിന് മുമ്പ് സഞ്ജു കൈകാര്യം ചെയ്തിരുന്ന ഓപ്പണിങ് സ്ഥാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചുകിട്ടാനും സാധ്യത
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദന പരമ്പരയില്‍ തഴയപ്പെട്ടെങ്കിലും, ടി20 ടീമില്‍ സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരുപക്ഷേ, ഏഷ്യാ കപ്പിന് മുമ്പ് സഞ്ജു കൈകാര്യം ചെയ്തിരുന്ന ഓപ്പണിങ് സ്ഥാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചുകിട്ടാനും സാധ്യതയുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ടി20 പരമ്പരയിലും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഏകദിന പരമ്പരയിലും താരത്തെ ഒഴിവാക്കി. അടുത്ത വര്‍ഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെയാകും ഗില്‍ തിരിച്ചെത്തുകയെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ അഭിഷേക് ശര്‍മയുടെ സഹ ഓപ്പണറായി സഞ്ജുവിന് പ്രഥമ പരിഗണന ലഭിക്കാനാണ് സാധ്യത. ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു. ഈ പൊസിഷനില്‍ മൂന്ന് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റ് എതിരാളികളുണ്ടാകില്ലെന്ന് വേണം കരുതാന്‍.
എന്നാല്‍ നേരിയ പ്രതിസന്ധികള്‍ ചിലത് അവശേഷിക്കുന്നുമുണ്ട്. യശ്വസി ജയ്‌സ്വാളിനെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഓപ്പണറായി മാത്രം കളിക്കുന്ന ജയ്‌സ്വാളിനെ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തുകയും, പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുകയും ചെയ്താല്‍ അത് സഞ്ജുവിന് തിരിച്ചടിയാകും. എങ്കിലും ഒരുവശത്ത് അഭിഷേക് ശര്‍മ ന നിലയുറപ്പിക്കുന്നതിനാല്‍ രണ്ട് ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് എന്ന നയത്തിലേക്ക് ടീം മാനേജ്‌മെന്റ് പോകാന്‍ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കാം.
Also Read: Sanju Samson: സഞ്ജുവിനെ ഏകദിനത്തിൽ പരിഗണിക്കാത്തത് തെറ്റ്; വിമർശനവുമായി മുൻ താരങ്ങൾ
ഒരിടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടി 20 ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് സഞ്ജു നേരിടുന്ന മറ്റൊരു പ്രതിസന്ധി. പന്ത് ടീമിലെത്തിയാല്‍ സഞ്ജു, ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് പുറത്തുപോകേണ്ടി വരും. ഓസീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ മാറ്റിനിര്‍ത്തി ജിതേഷിനെ കളിപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ പന്ത് ടി20 സ്‌ക്വാഡിലെത്തിയാല്‍ പുറത്തുപോകുന്നത് ഇവരില്‍ ആരാകുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരത്തിനായി ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടി20 ടീമിനെ പ്രഖ്യാപിക്കും. ഡിസംബര്‍ ഒമ്പതിന് ടി20 പരമ്പര തുടങ്ങും. 11, 14, 17, 19 തീയതികളിലാണ് മറ്റു മത്സരങ്ങള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാം. അതുകൊണ്ട് തന്നെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.