Zach Vukusic: 17ആം വയസിൽ ദേശീയ ടീം നായകൻ; പുതു ചരിത്രമെഴുതി ക്രൊയേഷ്യൻ ക്രിക്കറ്റർ
Zach Vukusic Youngest National Team Captain: ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ടീം ക്യാപ്റ്റനായി സാക്ക് വുകുസിച്. സൈപ്രസിനെതിരായ മത്സരത്തോടെയാണ് ക്രൊയേഷ്യൻ ക്യാപ്റ്റൻ റെക്കോർഡിലെത്തിയത്.
ക്രിക്കറ്റ് ലോകത്ത് പുതു ചരിത്രമെഴുതി ക്രൊയേഷ്യൻ താരം സാക്ക് വുകുസിച്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ദേശീയ ടീം ക്യാപ്റ്റനാവുന്ന താരമെന്ന റെക്കോർഡാണ് വുകുസിച് സ്വന്തമാക്കിയത്. 17 വയസും 311 ദിവസവും പ്രായമുള്ളപ്പോൾ വുകുസിച് ക്രൊയേഷ്യ ദേശീയ ടീം നായകനായി.
സൈപ്രസിനെതിരായ ടി20 പരമ്പരയിലാണ് താരം ക്രൊയേഷ്യൻ ടീം നായകനായി കളത്തിലിറങ്ങിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയായിരുന്നു ഇത്. പരമ്പരയിലെ ആദ്യ മത്സരം സാഗ്രബിലെ മാദോസ്റ്റ് ക്രിക്കറ്റ് മൈതാനത്തിൽ നടന്നപ്പോൾ വുകുസിച് റെക്കോർഡ് ബുക്കിൽ ഇടം നേടി. ഫ്രാൻസ് ക്യാപ്റ്റൻ നൊമാൻ അംജദിൻ്റെ റെക്കോർഡാണ് വുകുസിച് പഴങ്കഥയാക്കിയത്. 2022ലാണ് 18 വയസും 24 ദിവസവും പ്രായമുള്ള നൊമാൻ അംജദ് ചെക്ക് റിപ്പബ്ലിക്കിനെതിരെ ഫ്രാൻസിനെ നയിച്ചത്.
Also Read: Sanju Samson: സഞ്ജുവല്ല, ആര് വന്നാലും ക്യാപ്റ്റൻ ഋതുരാജ് തന്നെ; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രഖ്യാപനം
സൈപ്രസിനെതിരായ മത്സരത്തോടെ 17ആം വയസിൽ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായും വുകുസിച് സ്വന്തമാക്കി. മത്സരത്തിൽ ക്രൊയേഷ്യൻ ടീമിൻ്റെ ടോപ്പ് സ്കോറർ വുകുസിച് ആയിരുന്നു. 32 പന്തുകൾ നേരിട്ട താരം അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 43 റൺസ് നേടി പുറത്തായി. ബൗളിംഗിൽ ഒരു വിക്കറ്റും താരം നേടി. എന്നാൽ, കളി ജയിക്കാൻ ക്രൊയേഷ്യക്ക് സാധിച്ചില്ല. 58 റൺസിനാണ് ക്രൊയേഷ്യ മത്സരം പരാജയപ്പെട്ടത്. പരമ്പരയിലെ ഒരു മത്സരം പോലും വിജയിക്കാൻ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല.
2024ൽ ബെൽജിയത്തിനെതിരായ മത്സരത്തിലാണ് വുകുസിച് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. തുടരെ മികച്ച പ്രകടനങ്ങൾ നടത്തിയ വുകുസിച് വളരെ വേഗത്തിൽ ടീമിലെ പ്രധാന താരമായി. തുടർന്നാണ് ദേശീയ ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. ആകെ എട്ട് ടി20കളിലാണ് വുകുസിച് കളിച്ചിട്ടുള്ളത്. ആകെ 210 റൺസും ഏഴ് വിക്കറ്റും രാജ്യാന്തര ക്രിക്കറ്റിൽ താരം നേടിയിട്ടുണ്ട്.