Sanju Samson: സഞ്ജുവല്ല, ആര് വന്നാലും ക്യാപ്റ്റൻ ഋതുരാജ് തന്നെ; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രഖ്യാപനം
Sanju Samson CSK Trade Saga: അടുത്ത സീസണിൽ തങ്ങളുടെ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദ് തന്നെ തുടരുമെന്ന് സൂചനനൽകി ചെന്നൈ സൂപ്പർ കിംഗ്സ്. സഞ്ജുവിൻ്റെ വരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് അറിയിപ്പ്.
സഞ്ജു സാംസണിൻ്റെ വരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അടുത്ത സീസണിൽ തങ്ങളുടെ ക്യാപ്റ്റനാരെന്ന സൂചനയുമായി ചെന്നൈ സൂപ്പർ കിംഗ്സ്. ഋതുരാജ് ഗെയ്ക്വാദ് തന്നെ അടുത്ത സീസണിലും ക്യാപ്റ്റനായി തുടരുമെന്ന സൂചനയാണ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നൽകിയത്.
ചെന്നൈയുടെ പോസ്റ്റ്




Swinging into a Brand New Day in Rutu Style! 💛🕸️#WhistlePodu pic.twitter.com/wq5XXW6xBe
— Chennai Super Kings (@ChennaiIPL) August 9, 2025
‘കൂടുതൽ കരുത്തിനൊപ്പം കൂടുതൽ ഉത്തരവാദിത്തങ്ങൾ കടന്നുവരുന്നു’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ഋതുരാജ് ഗെയ്ക്വാദിൻ്റെ ചിത്രമാണ് ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ചത്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്കെന്ന വാർത്തകൾ ഒരു പരിധി വരെ ഈ പോസ്റ്റ് കൊണ്ട് അവസാനിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു ക്യാപ്റ്റൻസി ആവശ്യപ്പെടുന്നില്ലെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് പരിഗണിച്ചാൽ ഋതു ക്യാപ്റ്റനായി തുടർന്ന് സഞ്ജു വെറുമൊരു താരമായി കളിച്ചേക്കാനും സാധ്യതയുണ്ട്.
ബാറ്റിംഗ് പൊസിഷനിലെ അവ്യക്തത കാരണം സഞ്ജു രാജസ്ഥാൻ റോയൽസ് വിടാൻ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിനെക്കൂടാതെ മൂന്ന് ഓപ്പണർമാർ ഇപ്പോൾ രാജസ്ഥാൻ റോയൽസിലുണ്ട്. അതുകൊണ്ട് തന്നെ ആദ്യ സ്ഥാനങ്ങളിൽ തനിക്ക് ബാറ്റിംഗ് ലഭിച്ചേക്കില്ലെന്ന് സഞ്ജു കണക്കുകൂട്ടുന്നു. അതിനാൽ താരം ടീം വിടാൻ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Also Read: Sanju Samson: ടീമിലുള്ളത് മൂന്ന് ഓപ്പണർമാർ; സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ബാറ്റിംഗ് പൊസിഷൻ?
യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻശി, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നീ ഓപ്പണർമാരാണ് സഞ്ജുവിനെക്കൂടാതെ രാജസ്ഥാൻ റോയൽസിലുള്ളത്. താരലേലത്തിൽ ടീമിലെത്തിയ വൈഭവ് സഞ്ജുവിന് പരിക്കേറ്റപ്പോൾ ഐപിഎലിൽ അരങ്ങേറി. ഒരു സെഞ്ചുറി അടക്കം തകർപ്പൻ പ്രകടനമാണ് വൈഭവ് നടത്തിയത്. പരിക്കിൽ നിന്ന് ഭേദമായി സഞ്ജു തിരികെ എത്തിയപ്പോഴും ഓപ്പണിങ് പൊസിഷൻ വൈഭവ് തന്നെ കാത്തുസൂക്ഷിച്ചു. മൂന്നാം നമ്പറിലാണ് സഞ്ജു പിന്നീട് കളിച്ചത്. പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ദ്രെ പ്രിട്ടോറിയസ് കഴിഞ്ഞ സീസണിൽ കളിച്ചില്ല. എന്നാൽ, വരുന്ന സീസണിൽ താരം കളിച്ചേക്കും.