FIFA World Cup 2026: മെസിയെ പൂട്ടും? വലവിരിച്ച് തോമസ് ടുഹെല്‍; എന്താകും ആ പ്ലാന്‍?
England vs Argentina 2026: ലയണല്‍ മെസിയെയും സംഘത്തെയും എങ്ങനെ പൂട്ടാമെന്ന ആലോചനയിലാണ് ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുഹെല്‍. മെസി എത്ര സമർത്ഥമായാണ് മൈതാനത്തെ വിടവുകൾ കണ്ടെത്തുകയും സഹതാരങ്ങൾക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ പാകത്തിൽ ഒഴിഞ്ഞ ഇടങ്ങളിലേക്ക് മാറാൻ വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ടുഹെല്‍ വിശദീകരിച്ചു.

Thomas Tuchel vs Lionel Messi
ഫിഫ ലോകകപ്പിലെ രണ്ടാം സെമിയില്‍ അര്‍ജന്റീനയുമായി ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ടീം. ഹാരി കെയ്‌നും സംഘവും ആത്മവിശ്വാസത്തിലാണ്. ലയണല്‍ മെസിയെയും സംഘത്തെയും എങ്ങനെ പൂട്ടാമെന്ന ആലോചനയിലാണ് ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുഹെല്‍. മെസിപ്പടയെ വീഴ്ത്താനുള്ള തന്ത്രവും ടുഹെല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പിഎസ്ജി, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബുകളെ നയിച്ച് പരിചയമുള്ള ടുഹെലിന്റെ പരിചയസമ്പത്ത് ഗുണകരമാകുമെന്നുള്ള പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ആരാധകര്‍. എന്നാല്‍ മെസിക്കെതിരെ ഒരു ടീമിനെ ടുഹെല്‍ ഇറക്കുന്നത് ഇതാദ്യമായാണ്.
പ്ലേമേക്കർമാരിലേക്ക് പന്ത് എത്താതിരിക്കാൻ പ്രതിരോധക്കോട്ട കെട്ടുക എന്നതാണ് ടുഹെലിന്റെ പഴയ ശൈലി. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ ടുഹെല്‍ ലക്ഷ്യം വയ്ക്കുന്നത് മെസിയെ ആയിരിക്കുമെന്നും തീര്‍ച്ച. എതിരാളികളെ വട്ടം ചുറ്റിക്കുന്ന ‘ഹൈ പ്രസ്’ തന്ത്രവും ടുഹെലിന്റെ മുഖമുദ്രയാണ്.
എന്നാല്‍ ഒരാളെ മാത്രം ലക്ഷ്യമിട്ട് പ്രതിരോധിക്കുന്ന ‘മാന്‍ മാര്‍ക്കിങ്’ തന്ത്രം ടീമിന്റെ ഡിഫന്‍സിനെ തകര്‍ക്കുമെന്നാണ് ടുഹെലിന്റെ വിശ്വാസം. എന്നാല്‍ സെമി ഫൈനലില്‍ നേരിടാൻ പോകുന്നത് മെസിയെ ആയതുകൊണ്ട് മാത്രം തന്റെ അടിസ്ഥാന ഫുട്ബോൾ തത്വങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാൻ പോലും താൻ തയ്യാറാണെന്ന് പ്രീ-മാച്ച് പത്രസമ്മേളനത്തിൽ ടുഹെല്‍ സൂചന നല്‍കി.
Also Read: മെസിക്കും സംഘത്തിനും റഫറിമാരുടെ പിന്തുണ? അർജന്റീനയെ പുറത്താക്കൂ! 75 ലക്ഷം ഒപ്പുകളുമായി ഓൺലൈൻ ഹർജി
“മെസിക്കെതിരെ പഴയ രീതിയിലുള്ള ഒരു കൃത്യമായ ‘മാൻ-മാർക്കിങ്’ തന്ത്രം പ്രയോഗിച്ചാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു. ഞങ്ങൾ ഈ തന്ത്രം തന്നെ പിന്തുടരുമോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ അങ്ങനെ ഒരു ചിന്ത എന്റെ മനസിലൂടെ കടന്നുപോയി. കളിക്കളത്തിൽ അദ്ദേഹം എവിടെയൊക്കെയാണ് വരാന്‍ ആഗ്രഹിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. മൈതാനത്തുള്ള മറ്റാരേക്കാളും വളരെ മുമ്പേ തന്നെ കളിയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്,” ടുഹെൽ പറഞ്ഞു.
മെസിയെ പ്രശംസിച്ച് ടുഹെല്‍:
മെസി എത്ര സമർത്ഥമായാണ് മൈതാനത്തെ വിടവുകൾ കണ്ടെത്തുകയും സഹതാരങ്ങൾക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ പാകത്തിൽ ഒഴിഞ്ഞ ഇടങ്ങളിലേക്ക് മാറാൻ വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ടുഹെല്‍ വിശദീകരിച്ചു.
അദ്ദേഹത്തിലേക്ക് പന്ത് എത്തുമ്പോൾ തന്നെ അദ്ദേഹം വിടവ് കണ്ടെത്തുന്നു. തന്റെ ഇടംകാലുകൊണ്ട് പന്ത് തിരിച്ചുവിടാൻ ആവശ്യമായ സ്ഥലം സ്വയം ഉണ്ടാക്കിയെടുക്കുന്നു. അവരുടെ കളിയിലെ ചില ശൈലികൾ കണ്ടെത്തിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ തങ്ങൾ ആ വഴികൾ അടച്ചാൽ, അദ്ദേഹം പുതിയൊരു വഴി കണ്ടെത്തുകയോ അല്ലെങ്കിൽ അത് സ്വയം സൃഷ്ടിക്കുകയോ ചെയ്യുമെന്നും മെസിയെ പ്രശംസിച്ചുകൊണ്ട് ടുഹെല്‍ വ്യക്തമാക്കി.
“അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഇതൊരു ആവേശകരമായ പോരാട്ടമാണ്. നിലവിലെ ലോക ചാമ്പ്യന്മാർക്കെതിരെ കളിക്കുക എന്നത് വളരെ സവിശേഷമായ ഒന്നാണ്. ലയണൽ മെസിക്കും അദ്ദേഹത്തിന്റെ ടീമിനുമെതിരെ കളിക്കുന്നത് അതിലും സവിശേഷമാണ്. ഇംഗ്ലണ്ട് ടീമുമായി അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങുന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. എല്ലാ അർത്ഥത്തിലും ഇതൊരു വമ്പൻ മത്സരം തന്നെയാണ്,” പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.
English Summary
England will play Argentina in the 2026 World Cup. Manager Thomas Tuchel needs to stop Lionel Messi. He might use a strict man-marking tactic. This goes completely against his normal tactical philosophy.