AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ

FIFA World Cup 2026: Iran holds New Zealand draw: ഫിഫ ലോകകപ്പ് 2026 ഇതുവരെ കണ്ട വാശിയേറിയ മത്സരങ്ങളിലൊന്നിൽ ന്യൂസിലൻഡിനെ 2-2ന് സമനിലയിൽ തളച്ച് ഇറാൻ. ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാന്‍റെ രക്ഷകരായത്. ഗ്രൂപ്പ് ജിയിലെ നാല് ടീമുകൾക്കും ഇപ്പോൾ ഓരോ പോയിന്റ് വീതമാണ് ഉള്ളത്. നേരത്തെ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ ബൽജിയം–ഈജിപ്‌ത് മത്സരവും സമനിലയിൽ ആണ് പിരിഞ്ഞത്.

തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ
Fifa World Cup 2026 Iran Holds New Zealand 2 2 DrawImage Credit source: Stu Forster/Getty Images
Prasanth Kumar
Prasanth Kumar | Published: 16 Jun 2026 | 10:14 AM

ലൊസാ‍ഞ്ചലസ്: ഫിഫ ലോകകപ്പ് 2026 ഇതുവരെ കണ്ട വാശിയേറിയ മത്സരങ്ങളിലൊന്നിൽ ന്യൂസിലൻഡിനെ 2-2ന് സമനിലയിൽ തളച്ച് ഇറാൻ. അ‌ടിക്ക് തിരിച്ചടി എന്ന നിലയിൽ ഇറാൻ അ‌മേരിക്കയുമായും ഇസ്രയേലുമായും സംഘർഷം നടന്നുകൊണ്ടിരുന്നതിനാൽ തന്നെ ഏറെ സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് എത്തിയ ഇറാൻ ടീം പുറത്തെടുത്ത പോരാട്ടവീര്യം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റി. ന്യൂസീലൻഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇറാനുവേണ്ടി റാമിൻ റെസയാനും മുഹമ്മദ് മൊഹിബിയും ലക്ഷ്യം കണ്ടു. രണ്ട് തവണ മുന്നിലെത്തിയിട്ടും മേൽ​ക്കൈ നിലനിർത്താനോ ഇറാനെ തളയ്ക്കാനോ കഴിയാഞ്ഞത് ന്യൂസിലൻഡിന് തിരിച്ചടിയായി. കീഴടങ്ങാൻ തയാറല്ലായിരുന്ന ഇറാന്റെ പോരാട്ട വീര്യത്തിന് മുന്നിൽ ന്യൂസിലൻഡിന്റെ തന്ത്രങ്ങളും പ്രതിരോധവും പിഴച്ചുവെന്ന് വേണം പറയാൻ.

ഗ്രൂപ്പ് ജിയിൽ പോരാട്ടത്തിനിറങ്ങിയ ന്യൂസിലൻഡും ഇറാനും കളിയുടെ ആദ്യ പകുതിയിൽ തന്നെ ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഇറാൻ കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ ഗോൾ നേടി ന്യൂസീലൻഡാണ് ആദ്യ വെടി പൊട്ടിച്ചത്. ഗോൾക്കീപ്പർ മാക്‌സ് ക്രോകോംബ് നൽകിയ ലോങ് പാസ് സ്വീകരിച്ച്, ക്രിസ് വുഡ് നൽകിയ അസിസ്റ്റിൽനിന്ന് എലിജാ ജസ്റ്റ് പന്ത് ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു.

Also Read: ‘സമനില’ തെറ്റാതെ ടീമുകൾ; ലുകാകുവിന്റെ എൻട്രിയിൽ ബെൽജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി

ഒരു ഗോളിന് പിന്നിലായതോടെ തുടരെ ആക്രമണങ്ങൾ നടത്തിയ ഇറാൻ ഒടുവിൽ 32–ാം മിനിറ്റിൽ ഗോൾ മടക്കി. ബോക്‌സിനുള്ളിൽ ലഭിച്ച ഒരു ലൂസ് ബോൾ കൃത്യമായി ഉപയോഗിച്ച റാമിൻ റെസയാൻ ആണ് ഇറാന്റെ രക്ഷയ്ക്കെത്തിയത്. തുടർന്ന് ആദ്യ പകുതിക്ക് ശേഷം ഇറാൻ തന്ത്രങ്ങൾ മാറ്റി. ഡിഫെൻഡർ ആര്യ യൂസഫിക്ക് പകരം അറ്റാക്കിങ് താരം മെഹ്ദി ഘായെദിയെ കളത്തിലിറക്കി. കൂടാതെ സ്ട്രൈക്കർ ഷഹരിയാർ മൊഗാൻലൂവിനെ പകരം അലി അലിപുറിനെയും ഇറക്കി.

രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കകം (55–ാം മിനിറ്റിൽ) ന്യൂസീലൻഡ് വീണ്ടും ഇറാ​ന് മേൽ ലീഡ് നേടി. ആദ്യ ഗോളിന്റെ തനിയാവർത്തനമെന്നപോലെ ക്യാപ്റ്റൻ ക്രിസ് വുഡ് നൽകിയ രണ്ടാമത്തെ അസിസ്റ്റിലൂടെ ഏലിയ ജസ്റ്റ് തന്നെയാണ് വീണ്ടും സ്കോർ ചെയ്തത്. എന്നാൽ പതറാതെ പോരാടിയ ഇറാൻ 64-ാം മിനിറ്റിൽ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ വീണ്ടും സമനില (2-2) പിടിച്ചെടുത്തു.

ഇറാൻ സമനില പിടിച്ചതോടെ ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി ന്യൂസിലൻഡ് ഒരു പരീക്ഷണം നടത്തി. കാസെക്ക് പകരം ബെൻ ഓൾഡും, മക്കോവാട്ടിന് പകരം റയാൻ തോമസും കളത്തിലിറങ്ങി. വിജയം കൊതിച്ച് ആക്രമണം തുടർന്ന ഇറാന്റെ നീക്കങ്ങൾ ന്യൂസിലൻഡിന്റെ പ്രതിരോധ നിരയ്ക്കുമുന്നിൽ നിർവീര്യമായി. രണ്ട് ടീമും ശക്തമായ പോരാടിയ മത്സരം ഒടുവിൽ സമനിലയിൽ കലാശിച്ചു.

ഇന്ത്യൻ വംശജനായ ന്യൂസീലൻഡ് താരം സർപ്രീത് സിങ് മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ഇറാ​ൻ – അ‌മേരിക്ക സംഘർഷ പശ്ചാത്തലത്തിൽ നടന്ന മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നു. ഗ്രൂപ്പ് ജിയിലെ നാല് ടീമുകൾക്കും ഇപ്പോൾ ഓരോ പോയിന്റ് വീതമാണ് ഉള്ളത്. നേരത്തെ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ ബൽജിയം–ഈജിപ്‌ത് മത്സരവും സമനിലയിൽ ആണ് പിരിഞ്ഞത്.

English Summary

Iran held New Zealand to a 2-2 draw in one of the most exciting matches of the FIFA World Cup 2026 so far. Elijah Just scored twice for New Zealand, while Ramin Rezaian and Mohammad Mohebbi saved Iran. All four teams in Group G now have one point each. Earlier, the other two teams in the group, Belgium and Egypt, also drew.

Follow Us