ഐവറി കോസ്റ്റ് അട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
FIFA World Cup 2026: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ- യിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ചരിത്ര വിജയം കുറിച്ച് ഐവറി കോസ്റ്റും ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡനും തുടക്കം ഗംഭീരമാക്കി. ഇക്വഡോർ- ഐവറി കോസ്റ്റ് മത്സത്തിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 90-ാം മിനിറ്റിലെ ഗോളോടെ ഐവറി കോസ്റ്റ് ജയവും പുതിയ ചരിത്രവും തങ്ങളുടെ പേരിൽ എഴുതിച്ചേർക്കുകയായിരുന്നു. അമദ് ഡയാല്ലോ ആണ് ഐവറി കോസ്റ്റിനായി വിജയഗോൾ നേടിയത്.

Fifa World Cup Ivory Coast Vs Ecuador And Sweden Vs Tunisia
ന്യൂയോർക്ക്/ ഫിലാഡെൽഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ- യിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ചരിത്ര വിജയം കുറിച്ച് ഐവറി കോസ്റ്റും ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡനും തുടക്കം ഉഷാറാക്കി. ഇതിൽ സ്വീഡന്റെ കളി ഏകപക്ഷീയമായിരുന്നു, എന്നാൽ ഇക്വഡോർ- ഐവറി കോസ്റ്റ് മത്സത്തിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 90-ാം മിനിറ്റിലെ ഗോളോടെ ഐവറി കോസ്റ്റ് ജയവും പുതിയ ചരിത്രവും തങ്ങളുടെ പേരിൽ എഴുതിച്ചേർക്കുകയായിരുന്നു. ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ അമദ് ഡയാല്ലോ ആണ് ഐവറി കോസ്റ്റിനായി വിജയഗോൾ നേടിയത്.
വിജയം തൊട്ട 90-ാം മിനിറ്റിലെ അട്ടിമറി
യഥാർഥത്തിൽ ഇക്വഡോറിനെതിരേ ഐവറി കോസ്റ്റ് നേടിയത് അട്ടിമറി വിജയമായി വിലയിരുത്തപ്പെടുന്നു. തുടർച്ചയായി 19 മത്സരങ്ങൾ പരാജയമറിയാതെ കുതിപ്പുനടത്തി വരികയായിരുന്നു ഇക്വഡോർ, എന്നാൽ 90-ാം മിനിറ്റിലെ ഐവറി കോസ്റ്റിന്റെ ഗോളോടെ കളി മാത്രമല്ല, ഇക്വഡോറിന്റെ അപരാജിത പടയോട്ടവും അവിടെ അവസാനിക്കുകയായിരുന്നു.
മറുഭാഗത്ത് അവസാന നിമിഷത്തെ ഗോൾ വിജയം മാത്രമല്ല, ഒരു അപൂർവ നേട്ടവും ഐവറി കോസ്റ്റിന് നേടിക്കൊടുത്തു, ലോകകപ്പിൽ ഇതാദ്യമായി ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്താൻ ഐവറി കോസ്റ്റിന് കഴിഞ്ഞു എന്നതാണ് ആ നേട്ടം. മത്സരത്തിന്റെ തുടക്കത്തിൽ ഇക്വഡോർ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൂടുതൽ കാര്യമാക്കി മാറ്റി.
ഇരുടീമുകളുടെയും സുവർണാവസരങ്ങൾ പലതും പോസ്റ്റുകളിൽ തട്ടി മടങ്ങി, കളി ഏതാണ്ട് സമനിലയിൽ അവസാനിച്ചേക്കും എന്ന നിലയിൽ നിൽക്കെയാണ് 90-ാം മിനിറ്റിൽ ഇക്വഡോറിനെ ഞെട്ടിച്ച ഗോൾ പിറന്നത്. കിടിലൻ കൗണ്ടർ അറ്റാക്കിനൊടുവിൽ അമദ് ഡയാല്ലോയുടെ ഇടംകാലൻ ഷോട്ട് ഇക്വഡോർ ഗോളിക്ക് തടയാനായില്ല. തുടർന്ന് ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമിൽ ഗോൾ മടക്കാൻ ഇക്വഡോർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഐവറി കോസ്റ്റ് വിജയകരമായി പ്രതിരോധിച്ചുനിന്നു. ജയത്തോടെ 2014ന് ശേഷം ലോകകപ്പ് വേദിയിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കി ഐവറി കോസ്റ്റ് മൈതാനം വിട്ടു.
അഞ്ച് അടിയിൽ ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
കളിച്ചത് ടുണീഷ്യയോട് ആണെങ്കിലും അഞ്ച് ഗോളിന്റെ വമ്പൻ ജയത്തോടെ സ്വീഡൻ തോൽപ്പിച്ചത് നെതർലൻഡ്‌സിനെയും ജപ്പാനെയും കൂടിയായിരുന്നു. ഗ്രൂപ്പ് എഫിന്റെ പോയിന്റ് ടേബിളിലാണ് ഈ പരാജയപ്പെടുത്തൽ ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന നെതർലൻഡ്‌സ്- ജപ്പാൻ മത്സരം സമനിലയിൽ ആയിരുന്നു. എന്നാൽ ഇന്ന് ടുണീഷ്യയോട് ജയിച്ചതോടെ സ്വീഡൻ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമനായി.
മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണ തന്ത്രം പുറത്തെടുത്താണ് സ്വീഡൻ ടുണീഷ്യയെ നേരിട്ടത്. തുടക്കം മുതൽ തന്നെ മത്സരം സ്വീഡന്റെ കൈവശമായിരുന്നു. ടുണീഷ്യൻ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് യാസിൻ അയാരി ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ വലയിലെത്തിച്ച് ഏഴാം മിനിറ്റിൽ സ്വീഡൻ സ്കോർ ബോർഡ് ഉദ്ഘാടനം ചെയ്തു.
30-ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസാക്കിലൂടെ രണ്ടാം ഗോളും നേടി സ്വീഡൻ ലീഡുയർത്തി. തുടർന്നും സ്വീഡൻ ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 43-ാം മിനിറ്റിൽ ഒമർ റെകിക്കിലൂടെ ടുണീഷ്യ ഒരു ഗോൾ മടക്കി. അതോടെ സ്കോർ 2-1 എന്ന നിലയിലായി.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന സ്വീഡൻ 59-ാം മിനിറ്റിൽ ഗ്യോകെറസിലൂടെ മൂന്നാം ഗോളും 84-ാം മിനിറ്റിൽ മാത്യാസ് സ്വാൻബെർഗിലൂടെ നാലാം ഗോളും ഇഞ്ചുറി ടൈമിൽ യാസിനിലൂടെ അഞ്ചാം ഗോളും നേടി വിജയം ആധികാരികമാക്കി മാറ്റി. ഇനി ജൂൺ 20ന് നെതർലൻഡ് സ്വീഡനെയും ജൂൺ 21ന് ജപ്പാൻ ടുണീഷ്യയെയും നേരിടും.
English Summary
Ivory Coast recorded a historic one-goal win over Ecuador in Group E of the FIFA World Cup, while Sweden made a strong start by thrashing Tunisia 5-1 in Group F. Both teams made good progress in the Ecuador-Ivory Coast match, but Ivory Coast made history with a goal in the 90th minute. Amad Diallo scored the winning goal for Ivory Coast in a hard-fought match at Lincoln Financial Field Stadium in Philadelphia.