FIFA World Cup 2026 Live Streaming: ഒടുവില്‍ ആ സസ്‌പെന്‍സ് അവസാനിച്ചു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് ഈ ചാനല്‍
Where to watch 2026 FIFA world cup in India: ഫിഫ ലോകകപ്പിന്റെയും ഇനി വരാനിരിക്കുന്ന പ്രധാന ഫിഫ ടൂർണമെന്റുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് സ്വന്തമാക്കി. 'യുണൈറ്റ്8 സ്പോർട്സ്' ലീനിയർ ടിവി ചാനലുകളിലൂടെയും, 'സീ5' ലൂടെയും മത്സരം കാണാനാകും.

FIFA World Cup trophy
FIFA World Cup 2026 India Broadcast Rights: ഫിഫ ലോകകപ്പിന്റെയും ഇനി വരാനിരിക്കുന്ന പ്രധാന ഫിഫ ടൂർണമെന്റുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച ‘യുണൈറ്റ്8 സ്പോർട്സ്’ (Unite8 Sports) ലീനിയർ ടിവി ചാനലുകളിലൂടെയായിരിക്കും മത്സരങ്ങൾ തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുക. ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ5’ (Zee5) ലൂടെയും മത്സരം കാണാനാകും.
ജൂണ്‍ 11-ന് നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. ഇത്തവണ 48 ടീമുകള്‍ പങ്കെടുക്കും. 2034 വരെയുള്ള മറ്റ് പ്രധാന ഫിഫ ടൂർണമെന്റുകളുടെയും ഡോക്യു-സീരീസുകളുടെയും ഇന്ത്യൻ വിപണിയിലെ സംപ്രേഷണാവകാശം ഇനി സീ ഗ്രൂപ്പിനായിരിക്കും.
2026, 2030 വർഷങ്ങളിലെ പുരുഷന്മാരുടെ ലോകകപ്പുകൾ, 2027-ലെ ഫിഫ വനിതാ ലോകകപ്പ്, അണ്ടർ-17 ലോകകപ്പ്, വനിതകളുടെ അണ്ടർ-17 ലോകകപ്പ്, അണ്ടർ-20 ലോകകപ്പ്, വനിതകളുടെ അണ്ടർ-20 ലോകകപ്പ്, ഫുട്സൽ ലോകകപ്പുകൾ, വനിതകളുടെ ഫുട്സൽ ലോകകപ്പുകൾ, ഇന്റർകോണ്ടിനെന്റൽ കപ്പുകൾ എന്നിവയും സീ ചാനലുകളിലൂടെ ആരാധകര്‍ക്ക് കാണാം.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ തങ്ങൾ അതീവ ആവേശത്തിലാണെന്ന് സീ എന്റർടൈൻമെന്റ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ഫുട്ബോൾ എന്നത് പ്രദേശങ്ങൾക്കും പ്രായഭേദങ്ങൾക്കും അതീതമായ ഒന്നാണെന്നും, ഈ മാധ്യമ അവകാശങ്ങൾ സ്വന്തമാക്കിയതും പുതിയ സ്പോർട്സ് ചാനലുകൾ ആരംഭിച്ചതും ഫുട്ബോളിന്റെ ദീർഘകാല സാധ്യതകളിലുള്ള തങ്ങളുടെ വ്യക്തമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രസക്തിയും ഭാവിയിലെ വളർച്ചാ സാധ്യതയും കണക്കിലെടുത്താണ് നിക്ഷേപങ്ങൾ നടത്തുന്നത്. ഫിഫയുമായുള്ള ഈ പങ്കാളിത്തം കായിക വിനോദത്തിന്റെ യഥാർത്ഥ മൂല്യം പുറത്തെടുക്കാൻ സഹായിക്കുമെന്നും, ഒപ്പം ഓരോ ഫുട്ബോൾ ആരാധകന്റെയും ആവേശം വർധിപ്പിക്കുമെന്നും പുനിത് ഗോയങ്ക കൂട്ടിച്ചേർത്തു.
സീയുടെ വരവ്
ടൂർണമെന്റുകളുടെ സംപ്രേഷണ തുകയെച്ചൊല്ലി ഫിഫയും ജിയോസ്റ്റാറും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് സീ എന്റർടൈൻമെന്റ് ഈ രംഗത്തേക്ക് കടന്നുവന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഹിന്ദിയിൽ യുണൈറ്റ്8 സ്പോർട്സ് 1, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി ചാനലുകളും, ഇംഗ്ലീഷിൽ യുണൈറ്റ്8 സ്പോർട്സ് 2, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി ചാനലുകളും അവതരിപ്പിച്ചിരുന്നു.
ടൂർണമെന്റ് ആരംഭിക്കാൻ രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ഈ നിർണായക പ്രഖ്യാപനം വരുന്നത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വെച്ച് നടക്കുന്നതിനാൽ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്ക് ശേഷമായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക. ഈ സമയ വ്യത്യാസമാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർക്കിടയിൽ ഈ ടൂർണമെന്റിനോട് താൽപ്പര്യം കുറയാൻ പ്രധാന കാരണമായത്. ഖത്തറിൽ വെച്ച് നടന്ന 2022-ലെ ഫിഫ ലോകകപ്പിന്റെ അവകാശം നിലവിൽ ജിയോസ്റ്റാറിന്റെ ഭാഗമായ വയാകോം18 62 മില്യൺ ഡോളറിനായിരുന്നു സ്വന്തമാക്കിയിരുന്നത്.
English Summary
Zee Entertainment (ZEEL) has officially secured the Indian broadcast rights for the 2026 FIFA World Cup. The matches will be telecast on the newly-launched Unite8 Sports TV channels. Fans can also live stream the entire 48-team tournament on the Zee5 app. Zee stepped in after FIFA and JioStar failed to reach an agreement over pricing.