AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jyothi Yarraji: ഹര്‍ഡിള്‍സുകളെ മിന്നല്‍പ്പിണറാക്കിയ വനിതാ താരോദയം; 2025 ജ്യോതി യര്‍രാജി മിന്നിച്ച വര്‍ഷം

Jyothi Yarraji’s 2025 Season: ജ്യോതി യർരാജിക്ക് 2025 നേട്ടങ്ങളുടെ വർഷമായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ജ്യോതി. ഈ വർഷം ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകളാണ് ജ്യോതി വാരിക്കൂട്ടിയത്

Jyothi Yarraji: ഹര്‍ഡിള്‍സുകളെ മിന്നല്‍പ്പിണറാക്കിയ വനിതാ താരോദയം; 2025 ജ്യോതി യര്‍രാജി മിന്നിച്ച വര്‍ഷം
Jyothi YarrajiImage Credit source: PTI
jayadevan-am
Jayadevan AM | Published: 22 Dec 2025 19:31 PM

ഇന്ത്യന്‍ കായികരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന താരമാണ് 26കാരിയായ ജ്യോതി യര്‍രാജി. ജ്യോതി യർരാജിക്ക് 2025 നേട്ടങ്ങളുടെ വർഷമായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ജ്യോതി. സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊയ്ത് മുന്നേറുമ്പോഴും അര്‍ഹിക്കുന്ന അംഗീകാരമോ, വാര്‍ത്താപ്രാധാന്യമോയ ജ്യോതിക്ക് ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്. ഈ വർഷം ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകളാണ് താരം വാരിക്കൂട്ടിയത്.

ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന 100 മീറ്റർ ഹർഡിൽസിൽ 12.96 സെക്കൻഡ് എന്ന മീറ്റ് റെക്കോർഡോടെ ജ്യോതി സ്വർണം നിലനിര്‍ത്തിയിരുന്നു. ഈ ഇനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് തവണ സ്വര്‍ണം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമാണ് ജ്യോതി.

അഭിമാനത്തോടെ, കണ്ണീരണിഞ്ഞ്‌

അന്ന് മെഡല്‍ നേട്ടത്തില്‍ ജ്യോതി കണ്ണീരണിഞ്ഞ് നില്‍ക്കുന്ന നിമിഷങ്ങള്‍ വൈറലായിരുന്നു. ആ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ജ്യോതിയുടെ മെഡല്‍ നേട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ആരവങ്ങളും കരഘോഷങ്ങളുമില്ലെങ്കിലും രാജ്യത്തിന് അഭിമാനമായി ജ്യോതി തലയുയര്‍ത്തി നില്‍ക്കുന്നുവെന്നാണ് ഭൂരിപക്ഷം കമന്റുകളും.

ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിലും ജ്യോതി ഇരട്ട സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 100 മീറ്റർ ഹർഡിൽസില്‍ 13.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താരം പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. 200 മീറ്റർ സ്പ്രിന്റില്‍ 23.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്വര്‍ണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും താരം സ്വന്തമാക്കി.

അതുകൊണ്ടും കഴിഞ്ഞില്ല. നാൻ്റസ് മെട്രോപോൾ ഇൻഡോർ അത്‌ലറ്റിക്സിൽ 60 മീറ്റർ ഹർഡിൽസിൽ 8.04 സെക്കൻഡ് സമയം കുറിച്ച് താരം സ്വന്തം ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചു. കൊച്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ 13.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയതാണ് ഈ വര്‍ഷത്തെ മറ്റൊരു നേട്ടം. തായ്‌വാൻ ഓപ്പൺ 2025 ല്‍ 12.99 സെക്കൻഡിൽ ഫിനിഷ് ചെയ്തും താരം സ്വര്‍ണം നേടി.

2025 ജൂലൈയിൽ പരിശീലനത്തിനിടെയുണ്ടായ കാൽമുട്ടിലെ പരിക്കേറ്റത് തിരിച്ചടിയായി. തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയക്ക്‌ വിധേയയാകേണ്ടി വന്നു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ ഇതോടെ താരത്തിന് നഷ്ടമായി.

1999 ഓഗസ്റ്റ് 28-ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് ജ്യോതി ജനിച്ചത്. പരിമിതമായ ചുറ്റുപാടുകളിൽ നിവളര്‍ന്ന ജ്യോതി കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തിന്റെ അഭിമാന താരമായി മാറിയത്. 2024-ൽ അർജുന അവാർഡ് നൽകി രാജ്യം ജ്യോതിയെ ആദരിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാരീസിൽ നടന്ന ഒളിമ്പിക്സിൽ 100 ​​മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ജ്യോതി മാറി.