Sanju Samson: സഞ്ജുവിനെ ലോകകപ്പിലേക്ക് എത്തിച്ചത് അഞ്ചാം ടി20യിലെ പ്രകടനമോ? അല്ലേയല്ല, പറയുന്നത് മറ്റാരുമല്ല
How Sanju Samson got into the 2026 T20 World Cup squad: സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴി തുറന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അശ്വിന്റെ നിരീക്ഷണം വ്യത്യസ്തമാണ്
സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴി തുറന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറായി പ്ലേയിങ് ഇലവനിലെത്തിയ സഞ്ജു 22 പന്തില്‍ 37 റണ്‍സെടുത്താണ് എടുത്തത്. ചെറിയൊരിടവേളയ്ക്ക് ശേഷം പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ താരം തിരിച്ചുവരവ് ഗംഭീരമാക്കി. ഈ പ്രകടനത്തിന്റെ പേരില്‍ ഫോം ഔട്ടായ ഗില്ലിന് പകരം സഞ്ജുവിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ അഹമ്മദാബാദില്‍ നടന്ന അഞ്ചാം ടി20യിലെ പ്രകടനമല്ല സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ എത്തിച്ചതെന്ന് മുന്‍ താരം ആര്‍ അശ്വിന്‍ പറഞ്ഞു. സഞ്ജുവിന്റെ ആ പ്രകടനം അപ്രസക്തമായിരുന്നുവെന്നാണ് അശ്വിന്റെ നിരീക്ഷണം.
അഹമ്മദാബാദില്‍ സഞ്ജു പുറത്തെടുത്ത ബാറ്റിങ് ടീം സെലക്ഷനില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. ആ ഘട്ടത്തില്‍ ഗില്ലിന് പകരം സഞ്ജുവിനെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും മുന്‍ താരം തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തിൽ പറഞ്ഞു.
“സഞ്ജുവിന്റെ അഹമ്മദാബാദിലെ പ്രകടനം അപ്രസക്തമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ടീം ഫോര്‍മുലയും കോമ്പിനേഷനും മാറുമെന്ന് ഞാന്‍ നേരത്തെ പ്രവചിച്ചിരുന്നു. എനിക്ക് ഒട്ടും അത്ഭുതമില്ല. കാരണം കാര്യങ്ങൾ ഇങ്ങനെ പോകുമെന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം വെറും ഫോര്‍മാലിറ്റി മാത്രമാണ്,” അശ്വിന്‍ പറഞ്ഞു.
ശുഭ്മാന് പരിക്കേറ്റതായി വെളിപ്പെടുത്തിയപ്പോൾ തന്നെ, സഞ്ജു ലോകകപ്പിൽ ഉണ്ടാകുമെന്ന് വ്യക്തമായി. ഇതിൽ റോക്കറ്റ് സയൻസ് ഒന്നുമില്ല. താന്‍ 15 വർഷമായി ഇന്ത്യൻ ക്രിക്കറ്റിനായി കളിച്ചിട്ടുണ്ട്. ഇത് ധാരാളം കണ്ടിട്ടുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.