5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy: മറ്റ് വഴികളില്ല, ചാമ്പ്യന്‍സ് ട്രോഫിയുടെ ‘ഹൈബ്രിഡ്’ മോഡല്‍ പിസിബി വ്യവസ്ഥകളോടെ അംഗീകരിച്ചേക്കും ? സൂചനകള്‍ ഇങ്ങനെ

ICC Champions Trophy 2025: പിസിബി തീരുമാനം മയപ്പെടുത്തുന്നുവെന്നാണ് സൂചന. ഉപാധികളോടെ ഹൈബ്രിഡ് മോഡല്‍ പിന്തുണയ്ക്കാമെന്ന് പിസിബി തീരുമാനിച്ചതായി സൂചനയുണ്ട്

ICC Champions Trophy: മറ്റ് വഴികളില്ല, ചാമ്പ്യന്‍സ് ട്രോഫിയുടെ ‘ഹൈബ്രിഡ്’ മോഡല്‍ പിസിബി വ്യവസ്ഥകളോടെ അംഗീകരിച്ചേക്കും ? സൂചനകള്‍ ഇങ്ങനെ
ഐസിസി ചാമ്പ്യന്‍സ് ട്രോഫി (image credit: Getty Images)
jayadevan-am
Jayadevan AM | Published: 30 Nov 2024 20:11 PM

ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടുള്ള ഐസിസിയുടെ നിര്‍ണായക യോഗം ഞായറാഴ്ച ചേരും. വെള്ളിയാഴ്ച ആദ്യ ഘട്ട യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഏതാണ്ട് 20 മിനിറ്റ് മാത്രമാണ് ഈ യോഗം നീണ്ടുനിന്നത്. ശനിയാഴ്ച നടക്കേണ്ട നിര്‍ണായക യോഗം ഞായറാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് വിടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഹൈബ്രിഡ് മോഡലാണ് ബിസിസിഐ നിര്‍ദ്ദേശിക്കുന്ന ബദല്‍. ബിസിസിഐയുടെ ഈ നിര്‍ദ്ദേശത്തെ മിക്ക ക്രിക്കറ്റ് അസോസിയേഷനുകളും പിന്തുണയ്ക്കുകയും ചെയ്തു.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ നടത്താമെന്നും അവര്‍ നിലപാടെടുത്തു. ഹൈബ്രിഡ് മോഡലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്.

എന്നാല്‍ പിസിബി നിലപാട് മയപ്പെടുത്തുന്നില്ലെങ്കില്‍ ആതിഥേയ അവകാശം പാകിസ്ഥാന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പാക് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ പിസിബി സാവകാശം തേടിയിരുന്നു. ഒടുവില്‍ പിസിബി തീരുമാനം മയപ്പെടുത്തുന്നുവെന്നാണ് സൂചന. ഉപാധികളോടെ ഹൈബ്രിഡ് മോഡല്‍ പിന്തുണയ്ക്കാമെന്ന് പിസിബി തീരുമാനിച്ചതായി സൂചനയുണ്ട്.

ഒന്നുകില്‍ ഹൈബ്രിഡ് മോഡല്‍ പിന്തുണയ്ക്കുക, അല്ലെങ്കില്‍ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറുക എന്നീ രണ്ട് ഓപ്ഷനുകളാണ് പിസിബിക്ക് ഇനി മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറിയാല്‍ വന്‍ സാമ്പത്തിക നഷ്ടമടക്കം നേരിടേണ്ടി വരും. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലപാട് മയപ്പെടുത്തുന്നതെന്നാണ് സൂചന.

ഭാവിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ ഇവൻ്റുകളിലും പാകിസ്ഥാൻ്റെ മത്സരങ്ങൾക്കായി ഒരു നിഷ്പക്ഷ വേദി ഐസിസി ഉറപ്പാക്കണമെന്നാണ് പിസിബിയുടെ ഒരു ഉപാധി. ഈ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ 2025ലെ വനിതാ ലോകകപ്പ്, 2026ലെ ടി20 ലോകകപ്പ്, 2029ലെ ചാമ്പ്യന്‍സ് ട്രോഫി, 2031ലെ ലോകകപ്പ് എന്നിവയ്ക്കായി പാക് ടീം ഇന്ത്യയിലേക്ക് എത്തില്ല.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നാണ് പാകിസ്ഥാന്റെ മറ്റൊരു ആവശ്യം. ഇന്ത്യ സെമി ഫൈനലിന് മുമ്പ് പുറത്തായാല്‍, തുടര്‍ന്നുള്ള മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്നും പിസിബി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഐസിസി ബോർഡ് വരുമാനത്തിൻ്റെ വിഹിതം ഉയര്‍ത്തണമെന്നും പിസിബി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ സമ്മതിച്ചാല്‍, ഇന്ത്യയുടെ മത്സരങ്ങളും, സെമി ഫൈനലും, ഫൈനലും ദുബായില്‍ നടക്കാനാണ് സാധ്യത. മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. ഒപ്പം ആതിഥേയ അവകാശങ്ങള്‍ പിസിബി നിലനിര്‍ത്തുകയും ചെയ്യും.

എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. പാകിസ്ഥാനിലെ ലാഹോര്‍, റാവല്‍പിണ്ടി, കറാച്ചി എന്നിവിടങ്ങളില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്തെ തുടര്‍ന്ന് ഷെഡ്യൂള്‍ പ്രഖ്യാപനം നീളുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ നവംബര്‍ 11ന് പ്രഖ്യാപിക്കേണ്ടതായിരുന്നു.

Latest News