Aakash Chopra: ഇക്കാര്യത്തില്‍ ബുംറയെക്കാള്‍ കേമന്‍ അര്‍ഷ്ദീപ് തന്നെ, പഞ്ചാബ് കിങ്‌സ് താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര
Arshdeep Singh Jasprit Bumrah: ബുംറയ്ക്ക് ശേഷം ആര്‍ക്കെങ്കിലും ന്യൂബോളടക്കം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് അര്‍ഷ്ദീപിന് ആണ്. യഥാര്‍ത്ഥത്തില്‍, ടി20യില്‍ വിക്കറ്റ് വീഴ്ത്തലിന്റെ കാര്യത്തില്‍ അര്‍ഷ്ദീപ് ബുംറയ്ക്കും മുന്നിലാണെന്നും ചോപ്ര
ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരവുമായ അര്‍ഷ്ദീപ് സിംഗിനെ പ്രശംസിച്ച് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. വിക്കറ്റെടുക്കുന്നതില്‍ ജസ്പ്രീത് ബുംറയെക്കാള്‍ മികച്ചതാണ് അര്‍ഷ്ദീപ് എന്ന് ചോപ്ര പറഞ്ഞു. ജിദ്ദയില്‍ രണ്ട് ദിവസം നടന്ന ഐപിഎല്‍ മെഗാ താരലേലത്തിന്റെ തുടക്കത്തില്‍ തന്നെ വിറ്റുപോയ താരമാണ് അര്‍ഷ്ദീപ്. മാര്‍ക്വി താരമായിരുന്നു അര്‍ഷ്ദീപിനെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് തിരികെ ടീമിലെത്തിച്ചത്.
മുന്‍ സീസണുകളിലും പഞ്ചാബിന്റെ താരമായിരുന്നു അര്‍ഷ്ദീപ്. എന്നാല്‍ മെഗാതാരലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയവരുടെ പട്ടികയില്‍ അര്‍ഷ്ദീപിന്റെ പേരുണ്ടായിരുന്നില്ല. ശശാങ്ക് സിംഗിനെയും, പ്രഭ്‌സിമ്രാന്‍ സിംഗിനെയും മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ലേലത്തില്‍ അര്‍ഷ്ദീപിനെ പഞ്ചാബ് തിരികെയെത്തിക്കുകയായിരുന്നു. ആര്‍ടിഎം ഉപയോഗിച്ചാണ് അര്‍ഷ്ദീപിനെ പഞ്ചാബ് സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിങ്ങനെ ഏഴ് ഫ്രാഞ്ചൈസികൾ മെഗാ ലേലത്തിൽ അർഷ്ദീപിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
18 കോടി രൂപയ്ക്ക് അർഷ്ദീപിനെ വേണമെന്ന് പഞ്ചാബ് ടീം തുടക്കത്തില്‍ വ്യക്തമാക്കിയെന്ന് ചോപ്ര പറഞ്ഞു. അര്‍ഷ്ദീപ് പഞ്ചാബിയാണ്. അദ്ദേഹം പഞ്ചാബികള്‍ക്കൊപ്പം തുടരും. അദ്ദേഹം മികച്ച താരമാണ്. ബുംറയ്ക്ക് ശേഷം ആര്‍ക്കെങ്കിലും ന്യൂബോളടക്കം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് അര്‍ഷ്ദീപിന് ആണ്. യഥാര്‍ത്ഥത്തില്‍, ടി20യില്‍ വിക്കറ്റ് വീഴ്ത്തലിന്റെ കാര്യത്തില്‍ അര്‍ഷ്ദീപ് ബുംറയ്ക്കും മുന്നിലാണെന്നും ചോപ്ര പറഞ്ഞു.
നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് അര്‍ഷ്ദീപ് കളിക്കുന്നത്. ബംഗാളിനെതിരായ ആദ്യ മത്സരത്തില്‍ താരം ബാറ്റു കൊണ്ടും, പന്ത് കൊണ്ടും തിളങ്ങിയിരുന്നു. പുറത്താകാതെ 11 പന്തില്‍ 23 റണ്‍സാണ്‍ അര്‍ഷ്ദീപ് നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റിലെ പിന്നീട് നടന്ന ഇതുവരെയുള്ള മറ്റ് മത്സരങ്ങളില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
ബുംറയെയും ഭുവനേശ്വര് കുമാറിനെയും മറികടന്ന് ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി അർഷ്ദീപ് അടുത്തിടെ മാറിയിരുന്നു. 60 മത്സരങ്ങളിൽ നിന്ന് 18.10 ശരാശരിയിലും 8.32 ഇക്കോണമിയിലും 95 വിക്കറ്റുകളാണ് നേടിയത്. 86 വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ഒന്നാമത്.
നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ജസ്പ്രീത് ബുംറ കളിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും, രണ്ടാമത്തേതില്‍ മൂന്ന് വിക്കറ്റുകളും ബുംറ പിഴുതു. ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 295 റണ്‍സിന് തകര്‍ത്തിരുന്നു.